എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്ന നടപടി ആരംഭിച്ചു

എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്ന നടപടി ആരംഭിച്ചു

റിയാദ്: ഈ വര്‍ഷം ഫെബ്രുവരി 25നും മെയ് 24നും ഇടയില്‍ കാലാവധി തീരുന്ന എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ച് ജവാസാത്. വാണിജ്യ- വ്യവസായ പ്രൊഫഷനലുകളില്‍ അടക്കമുള്ള എല്ലാ പ്രവാസികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഓട്ടോമാറ്റിക്കലായാണ് വിസ ദീര്‍ഘിപ്പിക്കുന്ന നടപടിയെന്നും ഇതിനായി ആരും ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടെന്നും ജവാസാത് അറിയിച്ചു. തത്സ്ഥിതി അറിയുന്നതിന് പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കുന്നതിന് കഴിഞ്ഞയാഴ്ച ജവാസാത് പുതിയ സംവിധാനം ആരംഭിച്ചിരുന്നു.

അതേ സമയം, കടം തിരിച്ചടക്കാന്‍ കഴിയാതെ ജയിലിലായവരെ താത്കാലികമായി മോചിപ്പിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇത്തരം കേസുകളില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത് താത്കാലികമായി അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇത്തരം കേസുകളില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണം.

കോവിഡ് ബാധ പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്ന് അധികൃതര്‍ പ്രഖ്യാപിക്കുന്നത് വരെയാണ് ഉത്തരവ് നിലനില്‍ക്കുക. ഉത്തരവുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തിലാക്കുകയും അവശ്യ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍- നിയമ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും നീതിന്യായ മന്ത്രി വാലിദ് അല്‍ സമാനി അറിയിച്ചു.

Share this story