യു എ ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നു

യു എ ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നു

അബൂദബി: തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ യു എ ഇ മന്ത്രിസഭ തീരുമാനിച്ചു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

16 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിന് വിവാഹിതരായ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പൂര്‍ണ വേതനത്തോടെയുള്ള അവധി നല്‍കും. ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ പ്രായപരിധി പ്രശ്‌നമല്ല. കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം ദമ്പതികളിലൊരാള്‍ ഐസൊലേഷനിലോ ക്വാറന്റൈനിലോ ആണെങ്കിലും ഈ ആനുകൂല്യം ലഭിക്കും.

ദമ്പതികളിലൊരാള്‍ ഡോക്ടറോ നഴ്‌സോ പാരാമെഡിക്കല്‍ ജീവനക്കാരോ മറ്റ് ആരോഗ്യ സംബന്ധിയായ ജോലിക്കാരോ ആണെങ്കിലും സര്‍ക്കാര്‍ ജോലിയുള്ള ഇണക്ക് ഈ ആനുകൂല്യമുണ്ടാകും. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. അത്യാവശ്യ സാങ്കേതിക ജോലികള്‍ ചെയ്യാനാവുന്നവര്‍ക്ക് ലീവിന് പകരം വീട്ടില്‍ നിന്ന് അവ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കും.

Share this story