ഗുഹയില്‍ ഒളിച്ചുതാമസിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

ഗുഹയില്‍ ഒളിച്ചുതാമസിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ പാര്‍പ്പിട നിയമം ലംഘിച്ച് ഗുഹയില്‍ താമസിച്ചിരുന്ന 53 പേരെ അറസ്റ്റ് ചെയ്തു. റിയാദ് റീജ്യണ്‍ പോലീസ് വക്താവ് ലെഫ്.കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജിരി ആണ് ഇക്കാര്യം അറിയിച്ചത്.

റിയാദിന്റെ പടിഞ്ഞാറ് ഭാഗത്ത് അല്‍ മഹ്ദിയ്യ ജില്ലയിലെ ദുര്‍ഘടമായ പര്‍വ്വത പ്രദേശത്തും പാറക്കെട്ടിലും ഗുഹകളിലും ഇഖാമ കാലാവധി കഴിഞ്ഞവര്‍ താമസിക്കുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നിയമലംഘകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം, ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഹോം ഡെലിവറി ചെയ്യുമ്പോള്‍ പണമിടപാട് കാഷ് രൂപത്തില്‍ ഒരിക്കലും പാടില്ലെന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം. ഇലക്ട്രോണിക് രൂപത്തില്‍ മാത്രമെ ഇടപാട് പാടുള്ളൂ. 45 മിനിറ്റിലേറെ ദൂരം ഡ്രൈവ് ചെയ്യാനുണ്ടെങ്കില്‍ ഡെലിവറി ഓര്‍ഡര്‍ എടുക്കരുത്.

കൈമാറിയ ഉത്പന്നത്തില്‍ എന്തെങ്കിലും സംശയമുണ്ടാകുകയാണെങ്കില്‍ ഡെലിവറി പ്രതിനിധിയോ ഉപഭോക്താവോ സുരക്ഷാ അധികൃതരെ അറിയിക്കണം. ആപ്പുകളുടെ കാര്യത്തില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഡെലിവറി പ്രതിനിധിയുടെ ഓണ്‍ലൈന്‍ അക്കൗണ്ട് ലൈസന്‍സിംഗ് അതോറിറ്റി റദ്ദാക്കും.

വാണിജ്യ സ്ഥാപനവും ഉപഭോക്താവും ഡെലിവറി പ്രതിനിധിയുടെ പ്രകടനം വിശകലനം ചെയ്യണം. ഡെലിവറി ചെയ്യുന്നയാളും വാഹനവും നല്ല വൃത്തിയിലുള്ളതായിരിക്കണം. മാത്രമല്ല, ദിവസവും ശരീരോഷ്മാവ് അളക്കണം.

Share this story