ഖത്തറില്‍ ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി മോഡലുകള്‍ തിരിച്ചുവിളിച്ചു

ഖത്തറില്‍ ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി മോഡലുകള്‍ തിരിച്ചുവിളിച്ചു

ദോഹ: 2017- 18 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി, ലക്‌സസ് എല്‍ സി 500/500 എച്ച്, എല്‍ എസ് 500/500 എച്ച് മോഡലുകള്‍ തിരിച്ചുവിളിച്ചു. ഖത്തറിലെ ടൊയോട്ട, ലക്‌സസ് ഡീലറായ അബ്ദുല്ല അബ്ദുല്‍ഗനി ആന്റ് ബ്രദേഴ്‌സ് കമ്പനിയുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയമാണ് ഈ മോഡലുകള്‍ തിരിച്ചുവിളിച്ചത്.

ഫ്യൂവല്‍ പമ്പ് പ്രവര്‍ത്തനം ശരിക്ക് നടക്കാത്തതിനാല്‍ പ്രവര്‍ത്തനം നിലയ്ക്കാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ഈ മോഡലുകള്‍ തിരിച്ചുവിളിക്കുന്നത്. വാഹന പോരായ്മയും അറ്റകുറ്റപ്പണിയും ഡീലര്‍മാര്‍ തുടര്‍ച്ചയായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നടപടി. ഡീലര്‍മാരുമായി അറ്റക്കുറ്റപ്പണി പരിപാടികള്‍ ഏകോപനം നടത്തുമെന്നും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെന്ന് ഉപഭോക്താക്കളെ വിളിച്ച് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം, ഹോണ്ട ഒഡീസ്സി 2018- 2020 മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. രാജ്യത്തെ ഹോണ്ട ഡീലര്‍ ഡൊമാസ്‌കോയുടെ സഹകരണത്തോടെയാണ് വാണിജ്യ മന്ത്രാലയം ഈ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചത്. മൂന്നാം നിര സീറ്റ് വയര്‍ എളുപ്പത്തില്‍ നശിക്കാനും ഇത് വൈദ്യുത തീപ്പൊരിക്കും തീപ്പിടിത്തത്തിനും സാധ്യതയുണ്ടെന്നും കണ്ടതിനെ തുടര്‍ന്നാണ് നടപടി.

Share this story