പ്രവാസികളുടെ തിരിച്ചുപോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സൗദി

പ്രവാസികളുടെ തിരിച്ചുപോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സൗദി

റിയാദ്: രാജ്യത്തെ പ്രവാസികളുടെ തിരിച്ചുപോക്കിന് സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മാനവവിഭവ മന്ത്രാലയം. ചില വിഭാഗങ്ങളില്‍ പെട്ട പ്രവാസികളുടെ തിരിച്ചുപോക്കിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപനം ചെയ്യുകയായിരുന്നെന്ന് ഏപ്രില്‍ ഒന്നിന് മന്ത്രാലയം അറിയിച്ചിരുന്നു. തൊഴിലുടമകളുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളുടെ തിരിച്ചുപോക്കിന് സൗകര്യം ഏര്‍പ്പെടുത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കമ്പനിയുടെ അംഗീകൃത പ്രതിനിധിക്കാണ് സേവനം ലഭ്യമാകുക. പ്രവര്‍ത്തിക്കുന്ന കമ്പനിയായിരിക്കണം. കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാത്രമാണ് തിരിച്ചുപോക്കിന് സൗകര്യമൊരുക്കുക. കമ്പനി പ്രതിനിധിക്ക് ഓരോ 14 ദിവസം കൂടുമ്പോഴും ഒരു അപേക്ഷ സമര്‍പ്പിക്കാം. തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളുടെയും വിവരങ്ങള്‍ ഒറ്റ അപേക്ഷയിലാണ് ഉള്‍ക്കൊള്ളിക്കേണ്ടത്. പാസ്സ്‌പോര്‍ട്ടില്‍ ഉള്ളതുപോലെ ജീവനക്കാരുടെ പേരുകള്‍ ഇംഗ്ലീഷിലാണ് നല്‍കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ്,  എക്‌സിറ്റ്,  റി എന്‍ട്രി വിസ നേടിയിരിക്കണം. എല്ലാ ജീവനക്കാരുടെയും അന്തിമ സര്‍വീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പ്രകാരം എല്ലാ ജീവനക്കാരുടെയും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കുക, യാത്ര സാധ്യമാകാത്ത നിലയില്‍ ആരോഗ്യ ശ്രദ്ധ വേണ്ട കേസുകളുണ്ടെങ്കില്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുക, വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക, വിമാനത്താവളത്തിലേക്ക് ജീവനക്കാരെ കൊണ്ടുപോകുകയും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നിവയും പൂര്‍ത്തിയാക്കണം. https://mlsd.gov.sa/ar/node/482550 എന്ന ലിങ്കിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Share this story