മാതാപിതാക്കളുടെ കണ്ണീരിനു വിട; മൂന്നുവർഷം മുമ്പ് റിയാദിൽ കാണാതായ സമീഹ് അപ്രതീക്ഷിതമായി തിരിച്ചെത്തി

മാതാപിതാക്കളുടെ കണ്ണീരിനു വിട; മൂന്നുവർഷം മുമ്പ് റിയാദിൽ കാണാതായ സമീഹ് അപ്രതീക്ഷിതമായി തിരിച്ചെത്തി

റിയാദ്: മൂന്നുവർഷം മുമ്പ് യാത്ര ചെയ്ത കാറുൾപ്പെടെ റിയാദിൽ കാണാതായ മലയാളി യുവാവ് തിരിച്ചെത്തി. സുഹൃത്തിന്റെ കാറുമെടുത്ത് ജോലിക്ക് പോകുന്നതിനിടയിൽ അപ്രത്യക്ഷനായ കണ്ണൂർ അഞ്ചരക്കണ്ടി വെൺമണൽ സ്വദേശി പുത്തൻപുര വയലിൽ സമീഹാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദിലുള്ള ജ്യേഷ്ഠൻ ഷഫീറിന്റെ അടുത്ത് തിരിച്ചെത്തിയത്. കവർച്ചക്കാരുടെ തട്ടിക്കൊണ്ടുപോയി കുറച്ചകലെ വിജനമായ മരുഭൂമിയിൽ ഉപേക്ഷിച്ചെന്നും ഒടുവിൽ ഒരു കൃഷിത്തോട്ടത്തിൽ അഭയം പ്രാപിച്ച് അവിടെ കഴിഞ്ഞുകൂടുകയായിരുന്നു ഇത്രയും നാളെന്നുമാണ് സമീഹ് പറയുന്നത്. കൂടുതലൊന്നും പറയാനാകാത്ത ഒരു മാനസികാവസ്ഥയിലാണ് യുവാവ്.

2016 ഡിസംബർ 13നാണ് യുവാവിനെ കാണാതാവുന്നത്. റിയാദ് മലസിലെ ഷഫീറിന്റെ ഫ്‌ലാറ്റിൽ നിന്ന് വൈകീട്ട് അഞ്ചോടെ ബത്ഹയിലെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. വഴിമധ്യേയാണ് കാണാതാവുന്നത്. ഒരു ട്രാവൽ ഏജൻസിയുടെ ബത്ഹയിലെ ഓഫീസിലായിരുന്നു ജോലി. ഉച്ചക്ക് ശേഷമുള്ള ഡ്യൂട്ടിക്ക് ആളെ കാണാതായതോടെ സഹപ്രവർത്തകർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വഴിതെറ്റിപ്പോയെന്ന് സമീഹ് മറുപടി പറഞ്ഞു.

അതിന് ശേഷം മൊബൈൽ ഫോൺ പ്രവർത്തനരഹിതമായി. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. രാത്രിയായിട്ടും തിരിച്ചുവരാതായതോടെ കുടുംബം അന്വേഷണം തുടങ്ങി. സന്ദർശക വിസയിൽ വന്ന പിതാവ് അബ് ദുല്ലത്തീഫും മാതാവ് സക്കീനയും അന്ന് റിയാദിലുണ്ടായിരുന്നു. കുടുംബം പൊലീസിൽ പരാതി നൽകി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റിയാദ് – ദമ്മാം റൂട്ടിൽ 25 കിലോമീറ്റർ പോയതായി കണ്ടെത്തിയിരുന്നു. മകൻ കാണാതായ ദുഃഖവുമായി നാട്ടിലേക്ക് തിരിച്ചുപോയ മാതാപിതാക്കൾ കേരള മുഖ്യമന്ത്രിക്കും എം.പിമാർക്കും പരാതി നൽകി. ജ്യേഷ്ഠൻ റിയാദിലെ ഇന്ത്യൻ എംബസിയിലും റിയാദ് ഗവർണറേറ്റിലും പരാതിപ്പെട്ടു.

റിയാദ് പൊലീസ് വ്യാപകമായ അന്വേഷണം നടത്തി. മൂന്നുവർഷത്തിനിടെ ഒരു വിവരവും കിട്ടിയില്ല. ആളെ നഷ്ടപ്പെട്ടു എന്ന ദുഃഖത്തിൽ കഴിയുന്നതിടയിലാണ് വെള്ളിയാഴ്ച വൈകീട്ട് തികച്ചും അപ്രതീക്ഷിതമായി ജ്യേഷ്ഠൻ ഷഫീറിന് അപരിചിത നമ്പരിൽ നിന്ന് സമീഹിന്റെ വിളിയെത്തിയത്. കൃഷിത്തോട്ടത്തിൽ ജലവിതരണം നടത്തുന്ന ഒരു ട്രക്കിൽ കയറിപ്പറ്റി റിയാദിലെത്തിയെന്നും വഴിയിൽ കണ്ട ബംഗ്ലാദേശിയുടെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും സമീഹ് അറിയിച്ചു. കർഫ്യൂ സമയമായതിനാൽ കൂട്ടിവരാൻ പോകാൻ കഴിയാത്ത സാഹചര്യത്തിൽ പെർമിറ്റുള്ള ഡെലിവറി വാൻ ഏർപ്പാടാക്കി മലസിലെ ഫ്‌ലാറ്റിലെത്തിക്കുകയായിരുന്നു. ഇത്രയും കാലവും ദുഷ്‌കരമായ ഒരു ജീവിതത്തിലായി പോയതിന്റെ പകപ്പിലും വിഭ്രാന്തിയിലും നിന്ന് ഇനിയും സമീഹ് പൂർണമായും മോചിതനായിട്ടില്ല.

അന്ന് സുഹൃത്തിന്റെ കാറുമെടുത്ത് ബത്ഹയിലേക്ക് വരുന്ന വഴിയിൽ വഴിതെറ്റുകയും റൂട്ട് അന്വേഷിച്ച് കുറെ കറങ്ങുകയും അവസാനം വഴി ചോദിച്ച് ചെന്ന് കവർച്ചക്കാരുടെ കൈയിൽ അകപ്പെടുകയുമായിരുന്നു എന്നാണ് സമീഹ് പറയുന്നത്. അതിന് മുമ്പ് തന്നെ ബാറ്ററി ചാർജ് തീർന്ന് മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തിരുന്നു. വഴികാട്ടിത്തരാമെന്ന് പറഞ്ഞ് കാറിൽ കയറിയ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി വിജനമായ ഒരിടത്തേക്ക് വണ്ടിയോടിപ്പിച്ച് പണവും മൊബൈൽ ഫോണും കാറുമടക്കം തട്ടിയെടുത്ത ശേഷം മരുഭൂമിയിൽ ഉപേക്ഷിക്കുകയായിരുന്നത്രെ. മരുഭൂമിയിലൂടെ കുറെ അലഞ്ഞ് നടന്ന് ഒരു കൃഷിത്തോട്ടത്തിൽ എത്തി. അവിടെയായിരുന്നു ഇത്രയും നാളും. അന്ന് സമീഹിനോടൊപ്പം കാണാതായ ഹുണ്ടായ് ആക്‌സൻറ് കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുസ്സമ്മിൽ എന്ന സുഹൃത്തന്റേതാണ് കാർ.

Share this story