ജലീബ് അല്‍ ശുയൂഖില്‍ മൂന്ന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍

ജലീബ് അല്‍ ശുയൂഖില്‍ മൂന്ന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫീല്‍ഡ് ഹോസ്പിറ്റലും ക്വാറന്റൈനും സംവിധാനിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ട് സ്‌കൂളുകളിലും ഒരു സ്‌പോര്‍ട്‌സ് സെന്ററിലുമാണ് ഇവ സംവിധാനിക്കുക. ഫീല്‍ഡ് ഹോസ്പിറ്റലില്‍ ബെഡുകള്‍ ക്രമീകരിക്കുന്ന ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ആംബുലന്‍സുകളും എത്തി.

പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖും മെഹ്ബൂലയും പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. പുറത്തുപോകാനോ അവിടേക്ക് പ്രവേശിക്കാനോ സാധിക്കുകയില്ല. പ്രവാസികള്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതര്‍ എത്തിച്ചുനല്‍കുന്നുണ്ട്. അതിനിടെ, രാജ്യത്ത് 80 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 1234 ആയി. 150 പേര്‍ രോഗമുക്തി നേടി. ഒരു മരണമാണ് ഇതുവരെയുണ്ടായത്.

അതേ സമയം, കൊറോണവൈറസ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം കാരണം കുവൈത്തില്‍ 2.5 ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. ഇവരിലധികവും കുറഞ്ഞ വേതനക്കാരാണ്.

ഇതിന് പുറമെയാണ് പാര്‍പ്പിട നിയമം ലംഘിച്ച് കഴിയുന്ന 1.67 ലക്ഷം പ്രവാസികളുള്ളത്. ഇവര്‍ക്കും തൊഴിലില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അഞ്ച് ലക്ഷം പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടുപോയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടിപാര്‍ലര്‍, വസ്ത്ര ശാലകള്‍, കാര്‍ ഗാരേജ്, സ്‌പെയര്‍ പാര്‍ട്‌സ്, കഫേ, എന്റര്‍ടെയ്ന്‍മെന്റ്, പേഴ്‌സണല്‍ സര്‍വീസ്, ഹോള്‍സെയില്‍ ട്രേഡ്, ഗതാഗതം, സ്‌റ്റോറേജ് തുടങ്ങിയവയെല്ലാം അടക്കുകയോ പ്രതിസന്ധിയിലാകുകയോ ചെയ്തിട്ടുണ്ട്.

Share this story