തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പുറത്തുള്ള കമ്പനികളെ ഏല്‍പ്പിക്കരുത്

തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പുറത്തുള്ള കമ്പനികളെ ഏല്‍പ്പിക്കരുത്

ദോഹ: കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലാളികളുടെ സുരക്ഷക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. തൊഴിലാളികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് പുറത്തുള്ള കമ്പനികളെ ഏല്‍പ്പിക്കരുത്. അങ്ങനെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം.

തൊഴിലിടങ്ങള്‍ വൃത്തിയായി പരിപാലിക്കുക, ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കുക, തൊഴിലിടം അണുവിമുക്തമാക്കുക, വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുക, ശരീരത്തില്‍ സ്പര്‍ശിക്കാത്ത നിലയില്‍ ഉപകരണം ഉപയോഗിച്ച് തൊഴിലാളികളുടെ ശരീരോഷ്മാവ് അളക്കുക, സാമൂഹിക അകലം പാലിക്കുക, ഫിന്‍ഗര്‍പ്രിന്റ് സ്‌കാന്‍ ഒഴിവാക്കുക, സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക, പുറത്തുള്ള യോഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ തൊഴിലുടമകളും കമ്പനികളും നിറവേറ്റണം. മാത്രമല്ല, തൊഴിലാളികളെ നിരന്തരം ബോധവത്കരണം നടത്തണം.

അതേ സമയം, ചൊവ്വാഴ്ച മുതല്‍ സൂഖ് വാഖിഫിലെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലാണ് പരമ്പരാഗത മാര്‍ക്കറ്റായ സൂഖ് വാഖിഫ് തുറക്കുമെന്ന പ്രചാരണമുള്ളത്.

രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൂഖ് വാഖിഫിലെ എല്ലാ കടകളും തുറക്കുമെന്നായിരുന്നു പ്രചാരണം. ഡെലിവറി ചെയ്യുന്ന ഫുഡ് സ്റ്റോറുകളും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും ഫാര്‍മസികളും മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.

അതിനിടെ, തിങ്കളാഴ്ച രാജ്യത്ത് 252 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. സുഖപ്പെട്ടവരുടെ മൊത്തം എണ്ണം 334 ആണ്. രാജ്യത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3231 ആണ്. ഇതുവരെ ഏഴ് പേരാണ് മരിച്ചത്.

Share this story