നിരവധി സെല്‍ഫ് സര്‍വീസുകളുമായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം

നിരവധി സെല്‍ഫ് സര്‍വീസുകളുമായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം

മസ്‌കത്ത്: വെബ്‌സൈറ്റില്‍ നിരവധി പുതിയ സെല്‍ഫ് സര്‍വീസുകള്‍ അവതരിപ്പിച്ച് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം. പ്രൈവറ്റ് വര്‍ക് പെര്‍മിറ്റ്, പുതുക്കല്‍, വര്‍ക് പെര്‍മിറ്റ് ഒഴിവാക്കല്‍, സേവനങ്ങളുടെ മാറ്റം, വ്യക്തിഗത തൊഴില്‍ കരാര്‍, പാര്‍ട് ടൈം തൊഴില്‍ കരാര്‍, കമ്പനി ചെലവില്‍ പരിശീലന കരാര്‍, ഒമാനികളുടെ തൊഴില്‍ പരിഷ്‌കരണം തുടങ്ങിയ സെല്‍ഫ് സര്‍വീസുകളാണ് പുതുതായി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്.

അതിനിടെ, രാജ്യത്ത് 128 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 727 ആയി. 124 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അതേ സമയം, ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ മത്ര മേഖലയില്‍ വീടുകളും തോറും കയറി കോവിഡ് പരിശോധനക്ക് വേണ്ടിയുള്ള ബോധവത്കരണം നടത്തുന്നു. പനി ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് തയ്യാറാകാനാണിത്. ഐ ഡി കാര്‍ഡില്ലെങ്കിലും സൗജന്യമായി പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പേരും അടിസ്ഥാന വിവരങ്ങളും ശരിയായ മൊബൈല്‍ നമ്പറും കൈമാറിയാല്‍ മതി. പരിശോധനാ ഫലം അറിയിക്കാനാണിത്. ഐ ഡിയുള്ളവര്‍ അത് കൊണ്ടുവരണം. ഐ ഡിയില്ലാത്തവര്‍ക്ക് നടപടി നേരിടേണ്ടി വരില്ല. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അധികൃതരുടെ ഫീല്‍ഡ് വര്‍ക്ക്. രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട്‌സ്‌പോട്ടാണ് മത്ര. ഈ പ്രദേശമുള്‍പ്പെടുന്ന മസ്‌കത്ത് ഗവര്‍ണ്ണറേറ്റ് മുഴുക്കെ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്.

Share this story