ഖത്തറില്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ഖത്തറില്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ദോഹ: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം ആറ് മണിക്കൂറായി ചുരുക്കിയത് അടക്കമുള്ള നിയന്ത്രണങ്ങളാണ് ദീര്‍ഘിപ്പിച്ചത്.

അതിനിടെ, രാജ്യത്ത് 283 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ 3711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 406 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ രോഗം വന്ന് ഏഴ് പേരാണ് മരിച്ചത്. ഇതുവരെ 54484 പേരില്‍ പരിശോധന നടത്തിയിട്ടുണ്ട്.

അതേ സമയം, കോവിഡ് പ്രതിസന്ധി കാരണം സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിട സൗകര്യവും സൗജന്യ നിരക്കില്‍ നല്‍കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. അല്ലെങ്കില്‍ അതിന് തുല്യമാണ് പണം നല്‍കണം. തൊഴിലുടമയുടെ ചെലവില്‍ തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കിയയക്കുന്നത് വരെ ഭക്ഷണവും പാര്‍പ്പിടവും നല്‍കണം.

കരാര്‍ കാലാവധി കഴിഞ്ഞെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാം. മടക്ക ടിക്കറ്റ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കിയായിരിക്കണം പിരിച്ചുവിടേണ്ടത്. തൊഴിലാളികള്‍ ക്വാറന്റൈനിലോ ഐസൊലേഷനിലേ ആയ സമയത്തെ അടിസ്ഥാന ശമ്പളവും അലവന്‍സും പൂര്‍ണമായും നല്‍കണം. സിക്ക് ലീവിന് അര്‍ഹതയുള്ളവരാണെങ്കിലും ഇത് നല്‍കണം. ഭക്ഷണം, പാര്‍പ്പിട അലവന്‍സ് നേരത്തെ നല്‍കുന്നുണ്ടെങ്കില്‍ അത് തുടരണം. ഈ അലവന്‍സുകള്‍ കുറയ്ക്കരുത്. ഭക്ഷണം, പാര്‍പ്പിട സൗകര്യം നേരിട്ടാണ് നല്‍കുന്നെങ്കില്‍ അത് തുടരണം.

കോവിഡ് നിയന്ത്രണം കാരണം പ്രവര്‍ത്തനം മുടങ്ങിയ കമ്പനികളും സ്ഥാപനങ്ങളും ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് വേതനമില്ലാ അവധി, വാര്‍ഷിക അവധി നല്‍കല്‍, തൊഴില്‍ സമയം ചുരുക്കല്‍, വേതനം താത്കാലികമായി കുറയ്ക്കല്‍ തുടങ്ങിയവ തീരുമാനിക്കാം. പ്രവര്‍ത്തനം തുടരുന്ന കമ്പനികള്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കണം. നിയമലംഘനം 40280660 എന്ന നമ്പറില്‍ തൊഴിലാളികള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം.

Share this story