കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പൊതുമാപ്പ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു; താമസ കേന്ദ്രങ്ങള്‍ തയ്യാറായി

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പൊതുമാപ്പ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു; താമസ കേന്ദ്രങ്ങള്‍ തയ്യാറായി

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് കേന്ദ്രത്തിലെത്തേണ്ട സമയം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. സ്വദേശത്തേക്ക് മടങ്ങുന്നത് വരെ ഇന്ത്യക്കാരെ പാര്‍പ്പിക്കേണ്ട കേന്ദ്രങ്ങളും തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തേണ്ട സമയം.

അല്‍ ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലുള്ള ഇന്ത്യക്കാരായ പുരുഷന്മാര്‍ അല്‍ ഫര്‍വാനിയ്യ ഗേള്‍സ് എലമെന്ററി സ്‌കൂളില്‍ (ബ്ലോക് ഒന്ന്, സ്ട്രീറ്റ് 76) ആണ് എത്തേണ്ടത്. സ്ത്രീകള്‍ അല്‍ മുസന്ന ബോയ്‌സ് എലമന്ററി സ്‌കൂളില്‍ (ബ്ലോക് ഒന്ന്, സ്ട്രീറ്റ് 122) എത്തണം. ജലീബ് അല്‍ ശുയൂഖില്‍ താമസിക്കുന്ന സ്ത്രീകള്‍ റുഫൈദ അല്‍ അസ്ലാമിയ്യ ഗേള്‍സ് സ്‌കൂളില്‍ (ബ്ലോക് നാല്, സ്ട്രീറ്റ് 200) ആണ് എത്തേണ്ടത്. ജലീബ് അല്‍ ശുയൂഖിലെ പുരുഷന്മാര്‍ക്ക് നയിം ബിന്‍ മസൂദ് ബോയ്‌സ് എലമെന്ററി സ്‌കൂള്‍ (ബ്ലോക് നാല്, സ്ട്രീറ്റ് 250) ആണ് താമസ കേന്ദ്രം.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ തിരിച്ചെത്തുന്നതിന് അവസരമുണ്ടാകും. മാത്രമല്ല, പിഴയടക്കാതെ രാജ്യം വിടാം.

അതേ സമയം, കുവൈത്തില്‍ മാര്‍ച്ച് ഒന്നിനും മെയ് 31നും ഇടയില്‍ വിസാ കാലാവധി കഴിയുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇളവ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിസയിലുള്ളവര്‍ക്ക് മാത്രമല്ല സന്ദര്‍ശക വിസയിലെത്തി കാലാവധി തീര്‍ന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഇവര്‍ക്ക് മൂന്ന് മാസം കാലയളവുള്ള താത്കാലിക താമസാനുമതി ലഭിക്കും. രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് ആണ് ഈ തീരുമാനം കൈക്കൊണ്ടത്.

Share this story