റിയാദിൽ വേതന കുടിശ്ശിക അടക്കാന്‍ സ്വകാര്യ മേഖലക്ക് 5000 കോടി

റിയാദിൽ വേതന കുടിശ്ശിക അടക്കാന്‍ സ്വകാര്യ മേഖലക്ക് 5000 കോടി

റിയാദ്: കൊറോണവൈറസ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈത്താങ്ങായി സൗദി ഭരണകൂടം 5000 കോടി സൗദി റിയാല്‍ നല്‍കുന്നു. ഇതിന് തിരുഗേഹങ്ങളുടെ പരിപാലകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. പ്രധാനമായും സ്വകാര്യ മേഖലയെ സഹായിക്കുന്നതിന് സല്‍മാന്‍ രാജാവ് അംഗീകരിച്ച പാക്കേജിന്റെ ഭാഗമാണിത്.

സാമ്പത്തിക സഹായം, ഇളവുകള്‍, ആശ്വാസ നടപടികള്‍, കുടിശ്ശിക അടവ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഉത്തേജന പാക്കേജ്. വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലകളിലെ വൈദ്യുതി ബില്ലില്‍ 30 ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇളവ്. ഇത് ദീര്‍ഘിപ്പിക്കാന്‍ സാദ്ധ്യതയുമുണ്ട്. മാത്രമല്ല, ഈ വര്‍ഷം ജനുവരി മുതല്‍ ആറ് മാസത്തേക്ക് തവണകളായി അടച്ചാലും മതി. സാപ്റ്റ്‌കോയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രാ ഗതാഗതവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കുറഞ്ഞ നിരക്ക് നല്‍കും.

അതേ സമയം, സൗദി അറേബ്യയില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ 3445 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍- ഗ്രാമകാര്യ മന്ത്രാലയത്തിന് വിട്ടുനല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ ശൈഖ് ഉത്തരവിട്ടു. രാജ്യത്തെ വിവിധ മേഖലകളിലും ഗവര്‍ണറേറ്റുകളിലുമായി 47 വിദ്യാഭ്യാസ വകുപ്പുകളുടെ കീഴിലാണ് ഈ കെട്ടിടങ്ങള്‍.

രാജ്യത്ത് താത്കാലിക കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ പാകത്തിലുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേക സമിതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഉത്തരവ്. അതിനിടെ, തൊഴിലാളികളെ ഫാക്ടറി വളപ്പില്‍ തന്നെ താമസിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ, വ്യവസായ മന്ത്രാലയങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. 493 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണം 79ഉം മൊത്തം കേസുകള്‍ 5862ഉം ആയി. മരിച്ചവരില്‍ മൂന്ന് പേര്‍ പ്രവാസികളാണ്.

Share this story