സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത് 232 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍

സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത് 232 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനത്തിനെത്തി കുടുങ്ങിക്കിടക്കുന്നത് 232 ഇന്ത്യക്കാരെന്ന് അംബാസഡര്‍ ഡോ.ഔസാഫ് സയീദ് അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ ഇവരെ ഇന്ത്യയിലെത്തിക്കും. സൗദിയില്‍ 186 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരില്‍ രണ്ടു പേരും മലയാളികളാണ്.

ബ്ലൂകോളര്‍ വിഭാഗത്തിലുള്ള സാധാരണ തൊഴിലാളികളായിരിക്കും കോവിഡിന്റെ പ്രധാന ഇരകളെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് രോഗബാധക്ക് വലിയ സാദ്ധ്യതയാണുള്ളത്. ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും വേണ്ടവര്‍ക്ക് അത് നല്‍കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് ഇതിന് വക കണ്ടെത്തുക.

തൊഴിലാളികളെ ക്വാറന്റൈന്‍ ചെയ്യുന്നതിന് ഇന്ത്യന്‍ സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കും. പ്രവാസികള്‍ക്ക് ബന്ധപ്പെടാന്‍ എംബസിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് പദ്ധതികളില്ല. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക്, അടിയന്തര ഘട്ടത്തില്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയുമാകും കൊണ്ടുപോകുക. യാത്ര പുനരാരംഭിക്കുമെന്ന അറിയിപ്പ് വന്നതിന് ശേഷമാകും രജിസ്‌ട്രേഷന്‍ ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Share this story