പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടി ഖത്തര്‍ ആശുപത്രി നിര്‍മ്മിക്കുന്നു

പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടി ഖത്തര്‍ ആശുപത്രി നിര്‍മ്മിക്കുന്നു

ദോഹ: ഇന്റസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ട പ്രവാസി തൊഴിലാളികള്‍ക്കായി 150 കിടക്കകളുള്ള ആശുപത്രി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നു. ഇന്റസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ലോക്ക്ഡൗണിലാണ്.

ആശുപത്രിക്ക് അടുത്ത് തന്നെ 40 ബെഡുകളുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുമുണ്ടാകും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണിലുള്ള പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച പ്രത്യേക സന്ദര്‍ശനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പ്രദേശത്ത് പരിശോധനകള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ ഒ പി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ഇവിടെ ആശുപത്രി നിര്‍മ്മിക്കുന്നത്. ഇതേ മാതൃകയില്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

അതേ സമയം, ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി തൊഴിലാളികള്‍ക്ക് സാമൂഹിക പിന്തുണ നല്‍കാന്‍ പ്രത്യേക വെബ്‌സൈറ്റുമായി ഖത്തര്‍. കണക്ടിംഗ് ഫോര്‍ കെയര്‍ എന്ന പേരിലുള്ള ഈ ഓണ്‍ലൈന്‍ വേദിയിലൂടെ സ്വന്തം ഭാഷയില്‍ നാട്ടില്‍ നിന്നുള്ളയാളുമായി സംസാരിക്കാം. വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷമാണ് സംസാരിക്കാനാകുക.

പരിശീലനം ലഭിച്ച വളണ്ടിയര്‍മാരാണ് തൊഴിലാളികളുമായി സംസാരിക്കുക. മലയാളം അടക്കമുള്ള ഭാഷകളില്‍ ഇത് ലഭ്യമാകും. അതിനിടെ രാജ്യത്ത് ശനിയാഴ്ച 345 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി. 46 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം 510 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ മൊത്തം എണ്ണം 5008 ആണ്.

Share this story