ദുഖമിലെ റാസ് മദ്റാക മേഖല അടച്ചു
മസ്കത്ത്: ദുഖമിലെ മത്സ്യത്തൊഴിലാളി ഗ്രാമമായ റാസ് മദ്റാക മേഖല അടച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഫിഷറീസ് വകുപ്പാണ് മേഖല അടച്ചത്. മത്സ്യത്തൊഴിലാളികളുടെ ഒത്തുകൂടല്‍ ഒഴിവാക്കാനാണിത്.
മത്സ്യബന്ധന തുറമുഖങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികളെയും അലങ്കാര ബോട്ടുകളെയും തടയുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ കരക്ക് അടുക്കുന്നത് വാട്സാപ്പ് വഴി അറിയിക്കും. അതിനിടെ രാജ്യത്ത് ഞായറാഴ്ച 86 പുതിയ കേസുകള്‍ രിജസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1266 ആയി.
അതേ സമയം, തലസ്ഥാനമായ മസ്കത്തിനെ അപേക്ഷിച്ച് ഒമാനിലെ സലാലയില്‍ കോവിഡ്- 19 പോസിറ്റീവ് കേസുകള്‍ കുറവാണെങ്കിലും നിയന്ത്രണങ്ങള്‍ ശക്തം. സലാല അടങ്ങുന്ന ദോഫാര്‍ ഗവര്‍ണറേറ്റ് ജനങ്ങളുടെ സുരക്ഷക്ക് നടപടികള്‍ കര്‍ക്കശമായി സ്വീകരിച്ചിട്ടുണ്ട്.
സലാലയില്‍ ഇതുവരെ 10 പോസിറ്റീവ് കേസുകളാണുണ്ടായത്. ഇതില്‍ നാല് പേര് രോഗമുക്തരായി. അതേസമയം മസ്കത്തില് 1010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 848 പേര് ഇപ്പോഴും ചികിത്സയിലുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശം അക്ഷരംപ്രതി പാലിക്കുന്നതിന്റെ ഫലമായി സലാലയിലെങ്ങും ശൂന്യമായ റോഡുകളാണുള്ളത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സനയ പോലുള്ള ഇടങ്ങളില്‍ പോലീസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൊഴിലാളികളുടെ താമസസ്ഥലം പരിശോധിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിത്യേനയുള്ള ക്യാമ്പുകളുമുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
