ലോക്ക്ഡൗണില്‍ ഹിറാ, സൗര്‍ ഗുഹകള്‍ നവീകരിക്കുന്നു

ലോക്ക്ഡൗണില്‍ ഹിറാ, സൗര്‍ ഗുഹകള്‍ നവീകരിക്കുന്നു

മക്ക: ലോക്ക്ഡൗണിലെ ഒഴിവ് സമയം മുതലെടുത്ത് ചരിത്രപ്രസിദ്ധ ഗുഹകളായ ഹിറയും സൗറും നവീകരിക്കാന്‍ തീരുമാനിച്ചു. മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഇതുസംബന്ധിച്ച ഉത്തരവിട്ടു. ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പദ്ധതി നിര്‍വഹണത്തിന്റെ മേല്‍നോട്ട ചുമതല.

മസ്ജിദുല്‍ ഹറാമില്‍ നിന്ന് രണ്ട് മൈല്‍ അകലെയാണ് ഹിറാ ഗുഹ. നാല് മീറ്ററോളം നീളവും ഒരു മീറ്ററും കുറച്ചും മാത്രമാണ് വീതിയുമുള്ളത്. ലോകത്തുടനീളമുള്ള തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുമെന്നതിനാല്‍ ജനനിബിഡമാകാറുണ്ട് രണ്ട് സ്ഥലങ്ങളിലും. അതിനാല്‍ ആ സമയങ്ങളില്‍ നവീകരണ  പ്രവൃത്തികള്‍ സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ ഗുഹകള്‍ക്ക് സംഭവിച്ച ചില മാറ്റങ്ങള്‍ ഒഴിവാക്കി തനത് രൂപത്തിലാക്കുകയാണ് പദ്ധതി. ആദ്യ 30 ദിവസം കൊണ്ട് പാറയിലെ എഴുത്തുകളും വരകളും മായ്ക്കും. രണ്ട് ഗുഹകളുടെയും ചുമരുകളിലുള്ള എഴുത്തുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഗുഹയിലേക്കുള്ള രണ്ടു വഴികളും വൃത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ ഗുഹയുടെ ചുറ്റുപാടും വഴികളും വികസിപ്പിക്കും.

അതേ സമയം, സൗദി അറേബ്യയില്‍ കോവിഡ്- 19 സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. ഞായറാഴ്ച 1088 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം 9362 ആയി. 1398 പേര്‍ രോഗമുക്തരായിട്ടുണ്ട്. പുതിയ കേസുകളില്‍ 17 ശതമാനം മാത്രമാണ് സ്വദേശികള്‍. 83 ശതമാനവും വിദേശികളാണ്.

ഞായറാഴ്ച അഞ്ച് പേര്‍ മരിച്ചതോടെ മൊത്തം മരണം 97 ആയി. പ്രവാസികളാണ് മരിച്ചത്. ഇവരില്‍ നാല് പേര്‍ മക്കയിലും ഒരാള്‍ ജിദ്ദയിലുമായിരുന്നു തമാസിച്ചിരുന്നത്. പുതിയ കേസുകളില്‍ 251 എണ്ണവും മക്കയിലാണ്. ജിദ്ദയില്‍ 210, ദമ്മാമില്‍ 194, മദീനയില്‍ 177, ഹുഫൂഫില്‍ 123 എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്കുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരട്ടിയിലേറെ പേരിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വ്യാപകമായ പരിശോധനയെ തുടര്‍ന്നാണിത്. ഇതുവരെ 1.80 ലക്ഷം പേരെ പരിശോധിച്ചിട്ടുണ്ട്.

Share this story