മസ്‌കത്തിലെ ലോക്ക്ഡൗണ്‍ മെയ് എട്ട് വരെ നീട്ടി

മസ്‌കത്തിലെ ലോക്ക്ഡൗണ്‍ മെയ് എട്ട് വരെ നീട്ടി

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സുരക്ഷാ നിയന്ത്രണങ്ങളും ചെക്ക്‌പോയിന്റുകളും മെയ് എട്ട് വരെ നിലനിര്‍ത്താന്‍ തീരുമാനമായി. മെയ് എട്ട് വെള്ളിയാഴ്ച രാവിലെ പത്ത് വരെ മസ്‌കത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

റമസാന്‍ മാസത്തില്‍ വലിയ ആള്‍ക്കൂട്ടം രാജ്യത്ത് അനുവദിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ നിസ്‌കാരത്തിനായി ഒരുമിച്ച് കൂടുന്നത് അടക്കം പാടില്ല. മസ്ജിദുകള്‍ അടഞ്ഞുകിടക്കുന്നത് തുടരും. ബാങ്ക് വിളിക്കാന്‍ മാത്രമേ തുറക്കൂ. മസ്ജിദുകളിലും ടെന്റുകളിലുമുള്ള നോമ്പുതുറ, പൊതു മജ്‌ലിസ് തുടങ്ങിയവയും കായിക, സാംസ്‌കാരിക പരിപാടികളും അനുവദിക്കില്ല.

അതേ സമയം, ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഒമാനിലെത്തി. മലേറിയയുടെ മരുന്നായ ഇത് കോവിഡ് പ്രതിരോധമെന്ന നിലക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും കഴിക്കാം.

മരുന്ന് കയറ്റിയയച്ചതിന് സൗഹൃദ രാജ്യമായ ഇന്ത്യയോട് ഒമാന്‍ ആരോഗ്യ മന്ത്രാലയം നന്ദി അറിയിച്ചു. അതിനിടെ, രാജ്യത്ത് 144 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1410 ആയി. പുതിയ കേസുകളില്‍ 86 പേര്‍ പ്രവാസികളാണ്.

Share this story