സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിളവ്

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിളവ്

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് ഒഴികെയുള്ള എല്ലാ ഫീസുകളും ഒഴിവാക്കി. ജൂണ്‍ ഒന്നു വരെ ഫീസിന്റെ കാര്യം പരിഗണിക്കാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വെര്‍ച്വല്‍ ക്ലാസില്‍ പങ്കെടുക്കാം. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സയീദ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സ്‌കൂളുകളുടെ പേട്രണ്‍ കൂടിയാണ് അദ്ദേഹം.

ഇക്കാലയവളില്‍ സ്‌കൂള്‍ ജീവനക്കാരെ പിരിച്ചുവിടുകയോ അവരുടെ വേതനം വെട്ടിക്കുറക്കുകയോ ചെയ്യരുത്. സൗദിയില്‍ പത്ത് ഇന്ത്യന്‍ സ്‌കൂളുകളിലായി 45000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സി ബി എസ് ഇ കരിക്കുലമുള്ള എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് 41 സ്വകാര്യ സ്‌കൂളുകള്‍ സി ബി എസ് ഇ കരിക്കുലമാണ് സ്വീകരിച്ചത്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഫീസുകളില്‍ ഇളവ് വരുത്താന്‍ ഇടപെടണമെന്ന് രക്ഷിതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

അതേ സമയം, സൗദി അറേബ്യന്‍ പൗരന്മാരുടെയും വിദേശ നിക്ഷേപകരുടെയും പേരില്‍ പ്രവാസികള്‍ ഏതെങ്കിലും തരത്തില്‍ വാണിജ്യ പ്രവര്‍ത്തനം (തസാതുര്‍) നടത്തിയാല്‍ ശക്തമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്ക് പത്ത് ലക്ഷം സൗദി റിയാല്‍ പിഴയും രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ലഭിക്കും. വാണിജ്യ രജിസ്‌ട്രേഷന്‍ റദ്ദാക്കി നാടുകടത്തും.

സൗദിയുടെയോ വിദേശ നിക്ഷേപകന്റെയോ പേരില്‍ മറയെന്ന നിലയ്ക്ക് വാണിജ്യ പ്രവര്‍ത്തനം നടത്തുന്നതും സൗദിയല്ലാത്തവര്‍ നിക്ഷേപം നടത്തുന്നതും നിരോധിച്ചതാണ്.

അതിനിടെ, സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞു. തിങ്കളാഴ്ച 1122 പുതിയ കേസുകളാണുണ്ടായത്. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 10484 ആയി. ആറ് പേര്‍ കൂടി മരിച്ചു. 1490 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Share this story