ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി ഖത്തര്‍

ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി ഖത്തര്‍

ദോഹ: ടൂറിസ്റ്റ് വിസയില്‍ (ഓണ്‍ അറൈവല്‍ അടക്കം) വന്ന സന്ദര്‍ശകര്‍ക്ക് വിസ ദീര്‍ഘിപ്പിക്കാതെയും പിഴയടക്കാതെയും രാജ്യത്ത് തങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കാത്തതിനാലാണ് ഈ തീരുമാനം. ജനജീവിതം സാധാരണ നിലയിലാകുകയും അവരുടെ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയും ചെയ്താല്‍ രാജ്യം വിടാന്‍ ഇവര്‍ക്ക് ഇളവ് നല്‍കും.

അതിനിടെ, തിങ്കളാഴ്ച രാജ്യത്ത് 567 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചിട്ടുമുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കാണ് പുതുതായി രോഗമുണ്ടായതില്‍ അധികവും. കോവിഡ് രോഗികളായ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടായത് കാരണം ചില പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രോഗമുണ്ടായിട്ടുണ്ട്. 555 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അതേ സമയം, അല്‍ വക്‌റ ആശുപത്രിയിലെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്ത ആന്റികോഗുലേഷന്‍ ക്ലിനിക്കില്‍ കാറില്‍ വെച്ച് തന്നെ രക്തം കട്ടപിടിച്ചോയെന്ന പരിശോധന നടത്താന്‍ സംവിധാനമൊരുക്കി. സ്വകാര്യ വാഹനത്തില്‍ നിന്നിറങ്ങാതെയും ആശുപത്രിയില്‍ കയറാതെയും വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ പോയി മരുന്ന് സ്വീകരിക്കുകയും ചെയ്യാം.

മേഖലയിലെ തന്നെ ആദ്യത്തേതാണ് ഈ ആന്റികോഗുലേഷന്‍ ക്ലിനിക്ക്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സേവനം. ആശുപത്രിയിലേക്കുള്ള രോഗികളുടെ വരവ് കുറക്കുന്നതിനും കൂടിയാണ് ഈ സംവിധാനം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ളവര്‍ക്ക് ഫോണ്‍ കണ്‍സള്‍ട്ടിംഗും ആശുപത്രി നല്‍കുന്നുണ്ട്.

Share this story