ഖത്തറില്‍ റമസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഖത്തറില്‍ റമസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: റമസാന്‍ മാസത്തിലെ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാകും പ്രവൃത്തി സമയം. ദിവസം നാല് മണിക്കൂര്‍. സ്വകാര്യ മേഖലയില്‍ രാവിലെ ഒമ്പതിന് തുടങ്ങി ഉച്ചക്ക് മൂന്ന് വരെയാകും പ്രവൃത്തി സമയം. ദിവസം ആറ് മണിക്കൂര്‍.

റമസാന്‍ പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കി. അതിനിടെ, രാജ്യത്ത് 608 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ പത്ത് ആയി. മൊത്തം 689 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം 7141 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

അതേ സമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളമോ മറ്റാനുകൂല്യങ്ങളോ വെട്ടിക്കുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം. വീട്ടില്‍ നിന്ന് ജോലി ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന കരാറും ആനുകൂല്യങ്ങളുമെല്ലാം ഈ സമയത്തും നല്‍കണം.

തൊഴില്‍ കരാര്‍, ഭക്ഷണ- താമസ സൗകര്യം, അലവന്‍സ് തുടങ്ങിയവയിലൊന്നും മാറ്റം വരുത്തരുത്. തൊഴില്‍ സമയം സംബന്ധിച്ച് തൊഴിലുടമയും ജീവനക്കാരും സംസാരിച്ച് ധാരണയിലെത്തണം. നേരത്തെ തൊഴിലിടത്തിലുണ്ടായുന്ന പ്രവൃത്തി സമയത്തിന്റെ ശരാശരിയേക്കാള്‍ കൂടരുത് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള സമയം. കോവിഡ് കാലത്ത് അധിക മേഖലകളുടെയും പ്രവൃത്തി സമയം രാവിലെ ഏഴ് മുതല്‍ ഒരു മണി വരെ ആറ് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ദിവസം പരമാവധി രണ്ട് മണിക്കൂര്‍ ഓവര്‍ടൈം ജോലിയെടുക്കാം. വീട്ടില്‍ വെച്ചുള്ള ജോലി സമയത്ത് ഔദ്യോഗിക ഡ്യൂട്ടിയല്ലാതെ മറ്റൊന്നും എടുക്കരുത്.

Share this story