മഹ്ബൂലയില്‍ സൗജന്യ ഭക്ഷണം വാങ്ങാന്‍ ലോക്ക്ഡൗണ്‍ ലംഘനം

മഹ്ബൂലയില്‍ സൗജന്യ ഭക്ഷണം വാങ്ങാന്‍ ലോക്ക്ഡൗണ്‍ ലംഘനം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ചുപൂട്ടിയ മഹ്ബൂലയില്‍ സൗജന്യ ഭക്ഷണം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി. പോലീസിനെ അറിയിക്കാതെ സ്വകാര്യ വ്യക്തി ഭക്ഷണ വിതരണം നടത്തിയതാണ് ആളുകള്‍ ഒന്നിച്ചിറങ്ങാന്‍ കാരണമായത്.

പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്. ആളുകള്‍ പുറത്തിറങ്ങി ഭക്ഷണത്തിന് തിക്കുംതിരക്കും കൂട്ടുന്നത് കണ്ടയുടനെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ചാരിറ്റി വാഹനങ്ങളെയടക്കം നിയന്ത്രിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചാരിറ്റി സംഘടനകളും വ്യക്തികളും ഭക്ഷണവും മറ്റ് സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ ആഭ്യന്തര മന്ത്രാലയം അധികൃതരെ അറിയിക്കണം. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി ഇവ വിതരണം ചെയ്യാനുള്ള സാഹചര്യമൊരുക്കും. നിരവധി തൊഴിലാളികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മഹ്ബൂലയും ജലീബ് അല്‍ ശുയൂഖും പൂര്‍ണ്ണമായും അടച്ചത്.

Share this story