കുവൈത്തില്‍ കര്‍ഫ്യൂ സമയം മാറ്റി

കുവൈത്തില്‍ കര്‍ഫ്യൂ സമയം മാറ്റി

കുവൈത്ത് സിറ്റി: കോവിഡ്- 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയം റമസാനില്‍ മാറ്റം വരുത്തി. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയായിരിക്കും കര്‍ഫ്യൂ. കര്‍ഫ്യൂ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും.

റമസാനില്‍ രാജ്യത്തെ കോഓപറേറ്റീവ് സ്റ്റോറുകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് മൂന്ന് വരെയും പിന്നീട് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും ആണ് പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ ഡെലിവറി, കര്‍ഫ്യൂ പാസ്സുള്ളവര്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഷോപ്പ് ചെയ്യാനാകുക. ഓണ്‍ലൈന്‍ ഷോപ്പിംഗിന് www.moci.shop എന്ന ലിങ്കിലാണ് പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ഭാഷ തിരഞ്ഞെടുത്ത് സിവില്‍ ഐ ഡി നമ്പറും ഐ ഡി സീരിയല്‍ നമ്പറും നല്‍കണം.

പേര്, ഡിസ്ട്രിക്ട്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍, മാര്‍ക്കറ്റ് എന്നിവയും നല്‍കണം. തുടര്‍ന്ന് ഇമെയിലിലേക്ക് രണ്ട് ബാര്‍കോഡുകള്‍ ലഭിക്കും. ഒന്ന് കര്‍ഫ്യൂ സമയത്ത് അധികൃതരെ കാണിക്കാനും രണ്ടാമത്തേത് കോഓപറേറ്റീവ് സ്റ്റോറിലെ അപ്പോയ്‌മെന്റിനുമാണ്. മറ്റ് പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ സിറ്റി സെന്റര്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 3.30 വരെയും സുല്‍ത്താന്‍ സെന്റര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് മൂന്ന് വരെയും ഗ്രാന്‍ഡ് ഹൈപര്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് മൂന്ന് വരെയും പ്രവര്‍ത്തിക്കും.

Share this story