ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നതടക്കമുള്ള തീവ്ര നടപടികള്‍ക്ക് ഡി ഐ എഫ് സിയിലെ കമ്പനികള്‍ക്ക് അനുമതി

ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നതടക്കമുള്ള തീവ്ര നടപടികള്‍ക്ക് ഡി ഐ എഫ് സിയിലെ കമ്പനികള്‍ക്ക് അനുമതി

ദുബൈ: ഏപ്രില്‍ 21 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ തൊഴില്‍ സമയം കുറക്കുക, വേതനമുള്ളതോ ഇല്ലാത്തതോ ആയ അവധി നല്‍കുക, വേതനം വെട്ടിക്കുറക്കുക അടക്കമുള്ള തീവ്രനടപടികള്‍ക്ക് തൊഴിലുടമകള്‍ക്ക് അനുമതി നല്‍കി ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി ഐ എഫ് സി). ഇത്തരം നടപടികള്‍ക്ക് ജീവനക്കാരുടെ സമ്മതവും ആവശ്യമില്ല.

ജീവനക്കാരുടെ തൊഴില്‍ കരാറുകളില്‍ തൊഴിലുടമകള്‍ക്ക് താത്കാലിക മാറ്റങ്ങള്‍ വരുത്താം. ജൂലൈ 31 വരെ മാത്രമേ ഇത്തരം നടപടികള്‍ക്ക് അനുവാദമുള്ളൂ. ജൂലൈ 31ന് ശേഷവും മാറ്റങ്ങള്‍ വേണമെങ്കില്‍ ജീവനക്കാരുടെ സമ്മതം ആവശ്യമാണ്. ഇത്തരം നടപടികള്‍ക്ക് അനുവാദം കൊടുക്കുന്നത് ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനാണെന്ന് ഡി ഐ എഫ് സി പറയുന്നു.

അതേസമയം, കോവിഡ് ബാധിച്ചവതോ ക്വാറന്റൈനില്‍ ഉള്ളതോ ആയ ജീവനക്കാര്‍ക്ക് പൂര്‍ണ്ണ വേതനം നല്‍കണം. പിരിച്ചുവിട്ട ജീവനക്കാരുടെ വിസ റദ്ദാക്കരുതെന്നും ഡി ഐ എഫ് സി അറിയിച്ചു.

Share this story