ഷാര്‍ജയില്‍ കൂറ്റന്‍ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; താമസക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഷാര്‍ജയില്‍ കൂറ്റന്‍ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; താമസക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ അന്നഹ്ദ പ്രദേശത്തെ അബ്ബ്‌കോ ടവറില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 9.04ന് ടവറിന്റെ പത്താം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. 12 പേര്‍ക്ക് പരുക്കേറ്റു.

രാത്രി 11.55ഓടെ തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനക്ക് സാധിച്ചു. മിന, അല്‍ നഹ്ദ സ്‌റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരാണ് തീയണച്ചത്. കെട്ടിടത്തിലെയും സമീപ കെട്ടിടങ്ങളിലെയും താമസക്കാരെ വളരെ വേഗം ഒഴിപ്പിച്ച് അപകട സാധ്യത കുറക്കുകയായിരുന്നു. പ്രദേശത്ത് നിര്‍ത്തിയിട്ട നിരവധി കാറുകള്‍ കത്തിനശിച്ചു. ശക്തമായ കാറ്റ് കാരണം തീനാളങ്ങളും മറ്റ് അവശിഷ്ടങ്ങളും പാറിവന്നാണ് കാറുകള്‍ നശിച്ചത്.

49 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് 250 കുടുംബങ്ങളെ ഒഴിപ്പിച്ചു. 36 പാര്‍പ്പിട നിലകളും 20 നിലകള്‍ കാര്‍ പാര്‍ക്കിംഗുമാണ്. 2006ലാണ് കെട്ടിടം നിര്‍മിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണ്. കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. ഒഴിപ്പിച്ച കുടുംബങ്ങളെ മറ്റൊരു സ്ഥലത്ത് പാര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Share this story