യു എ ഇയില്‍ റസ്റ്റോറന്റുകള്‍ വിറ്റൊഴിവാക്കാന്‍ ഉടമകള്‍

യു എ ഇയില്‍ റസ്റ്റോറന്റുകള്‍ വിറ്റൊഴിവാക്കാന്‍ ഉടമകള്‍

ദുബൈ: യു എ ഇയിലെ നിരവധി റസ്‌റ്റോറന്റുകളുടെ പുറത്ത് ഇപ്പോള്‍ ‘വില്‍പ്പനക്ക്’ എന്ന പോസ്റ്റര്‍ പതിച്ചത് കാണാം. കോവിഡ് മഹാമാരിയുടെ ആക്രമണത്തില്‍ ഗുരുതര നഷ്ടം സംഭവിക്കുന്ന റസ്റ്റോറന്റുകള്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നത്.

ലൈസന്‍സ്, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വലിയ വിലക്കുറവിലാണ് ഇവര്‍ വില്‍ക്കാന്‍ വെച്ചത്. പലരും തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പണം നഷ്ടപ്പെടുകയല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടായിട്ടില്ല. തിരിച്ചുവരവിന് വലിയ പ്രയാസമായിരിക്കുമെന്ന് ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് മൂന്ന് മാസത്തേക്ക് വാടക മാറ്റിവെക്കലും സൗജന്യവുമൊക്കെയുള്ളത്. നിലവിലെ പല കെട്ടിടയുടമകളും അത്തരമൊരു ഇളവ് നല്‍കിയിട്ടില്ല.

ദുബൈയില്‍ മാത്രം 11000 രജിസ്റ്റര്‍ ചെയ്ത റസ്റ്റോറന്റുകളുണ്ട്. അടുത്ത ഏതാനും മാസത്തേക്ക് പ്രവര്‍ത്തിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് 40- 50 ശതമാനവും. കട നടത്തിപ്പിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പോലും ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല.

Share this story