കുവൈത്തില്‍ മൂന്നാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു

കുവൈത്തില്‍ മൂന്നാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ച മൂന്നാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ചു. മെയ് 30 വരെയാണ് പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

റമസാന്റെ രണ്ടാഴ്ചയും പെരുന്നാള്‍ അവധികളും അവസാനിച്ച ശേഷമാകും ഇനി വിപണികള്‍ തുറക്കുക. കോഓപറേറ്റീവ് സൊസൈറ്റികള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഡെലിവറി സേവനത്തിന് അനുമതിയുള്ളൂ. വൈകിട്ട് 4.30 മുതല്‍ 6.30 വരെ വ്യായാമത്തിന് അനുമതിയുണ്ടാകും. എന്നാല്‍ വാഹനം ഓടിക്കരുത്. മാസ്‌കുകള്‍ ധരിക്കണം. വൈദ്യുതി, ഇന്ധനം, മുനിസിപ്പാലിറ്റി പോലുള്ള വകുപ്പുകളിലെ ജീവനക്കാര്‍ക്കും ഇവരെ സഹായിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും പ്രവര്‍ത്തനത്തിന് അനുമതിയുണ്ടാകും. ബാങ്കുകള്‍ അടച്ചിടും. ഇ- സേവനമുണ്ടാകും. പത്രങ്ങളുടെ വിതരണം പാടില്ല. അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രം വീടുകളിലെത്തി വിതരണം ചെയ്യാവൂ.

ഓരോ ആറ് ദിവസത്തിലും ഒരിക്കല്‍ മാത്രമേ ഒരു വീട്ടില്‍ നിന്ന് ഒരാളെ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുവദിക്കൂ. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറികളും തുറക്കും. കഴിഞ്ഞ ദിവസം 641 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. 62കാരനായ ഈജിപ്ഷ്യന്‍ ഡോക്ടറടക്കം മൂന്ന് പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിദേശത്ത് നിന്ന് 29000 കുവൈത്തികള്‍ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Share this story