കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ അണിചേരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു എ ഇയില്‍

കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ അണിചേരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു എ ഇയില്‍

(Photo by Neeraj Murali/Khaleej Times)

ദുബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ ആദ്യ ബാച്ച് യു എ ഇയിലെത്തി. 88 പേരടങ്ങുന്ന സംഘം ശനിയാഴ്ച രാത്രിയാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ ഇറങ്ങിയത്.

 

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ നഴ്‌സുമാരും ഡോക്ടര്‍മാരും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആസ്റ്ററിന്റെ മൂന്ന് ആശുപത്രികളില്‍ നിന്നുള്ളവരാണ് നഴ്‌സുമാര്‍. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ ഏതാനും നഴ്‌സുമാരും ഈ വിമാനത്തിലുണ്ടായിരുന്നു.

 

ഈ മാസമാദ്യം ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന യു എ ഇയുടെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. യു എ ഇയില്‍ തൊഴില്‍ വിസയുള്ള അവധിക്കും മറ്റും നാട്ടിലെത്തി തിരിച്ചുപോകാനാകാത്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെയയക്കണമെന്നായിരുന്നു യു എ ഇ നേരത്തെ ആവശ്യപ്പെട്ടത്.

Share this story