മദീനയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

മദീനയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മദീനയിലെ ചില ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അല്‍ ശുറൈബത്, ബാനി ദഫര്‍, ഖുര്‍ബാന്‍, അല്‍ ജുമുഅ എന്നീ ജില്ലകളിലും അല്‍ ഇസ്‌കന്‍, ബാനി ഖദ്‌റ എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് ഇളവുകള്‍ അനുവദിച്ചത്. മാര്‍ച്ച് 27 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന്.

ഇളവുകള്‍ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാം. നേരത്തെ ഇളവ് നല്‍കാത്ത ജോലികള്‍ പുനരാരംഭിക്കാം. അതേസമയം, ആരോഗ്യ മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണം. സൗദിയുടെ മറ്റിടങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, മക്കയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.

അതിനിടെ, രാജ്യത്ത് 1704 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്ത് മരണവുമുണ്ടായി. മൊത്തം കേസുകള്‍ 37136 ആയി. മൊത്തം മരണം 239ഉം. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം 1024 പേര്‍ രോഗമുക്തി നേടിയതോടെ മൊത്തം എണ്ണം 10144 ആയി.

Share this story