ലക്ഷണമുള്ള ജീവനക്കാരെ കമ്പനി മുന്‍കൈയെടുത്ത് പരിശോധിപ്പിക്കണമെന്ന് ഒമാന്‍

ലക്ഷണമുള്ള ജീവനക്കാരെ കമ്പനി മുന്‍കൈയെടുത്ത് പരിശോധിപ്പിക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: ജീവനക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലോ പരിശോധനാ കേന്ദ്രങ്ങളിലോ എത്തിക്കണമെന്ന് സ്വകാര്യ കമ്പനികളോട് മാന്‍പവര്‍ മന്ത്രാലയം. അത്തരം കേസുകള്‍ ഒരിക്കലും മറച്ചുവെക്കരുത്. വൈറസ് ബാധ നിയന്ത്രിക്കാനാണിത്.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം കമ്പനികളുടെ പ്രവര്‍ത്തനം. പോസിറ്റീവ് കേസുകളുണ്ടായാല്‍ തൊഴിലാളിക്ക് ക്വാറന്റൈനില്‍ പോകാനുള്ള സൗകര്യമൊരുക്കണം. ക്വാറന്റൈന്‍ സമയത്ത് തൊഴിലാളിയെ ജോലിക്ക് വിളിക്കരുത്. നിലവിലെ ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്ത് മാന്‍പവര്‍ മന്ത്രാലയം ഓഫീസുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പുകളിലും സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

അതിനിടെ, രാജ്യത്ത് ഞായറാഴ്ച 175 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 3399 ആയി. 17 പേരാണ് ഇതുവരെ മരിച്ചത്. 1117 പേര്‍ക്ക് രോഗം ഭേദമായി.

Share this story