ഷാര്‍ജ തീപ്പിടിത്തത്തിന്റെ പേരില്‍ പിരിവ്; നിരവധി പ്രവാസികള്‍ പിടിയില്‍

ഷാര്‍ജ തീപ്പിടിത്തത്തിന്റെ പേരില്‍ പിരിവ്; നിരവധി പ്രവാസികള്‍ പിടിയില്‍

ഷാര്‍ജ: ഷാര്‍ജ അന്നഹ്ദയിലെ അബ്ബ്‌കോ ടവറിലുണ്ടായ തീപ്പിടിത്തത്തിന്റെ ഇരകളായ താമസക്കാര്‍ക്ക് വേണ്ടിയെന്ന പേരില്‍ നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ നിരവധി പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. അധികൃതരുടെ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പിരിവ് നടത്തിയത്.

പിരിച്ച പണം ഇവര്‍ ഇരകള്‍ക്ക് നല്‍കിയിട്ടുമില്ലെന്ന് ഷാര്‍ജ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ശംസി പറഞ്ഞു. ഇത്തരം തട്ടിപ്പില്‍ പെടരുതെന്നും അനധികൃത പണപ്പിരിവ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, അബ്ബ്‌കോ ടവറിലെ താമസക്കാര്‍ക്ക് തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും രേഖകളും ശേഖരിക്കുന്നതിന് അവിടെ സന്ദര്‍ശിക്കാന്‍ അനുമതി. ടവറിലേക്ക് വരുന്നതിന് മുമ്പ് താമസക്കാര്‍ പോലീസിനെയും സിവില്‍ ഡിഫന്‍സ് സംഘത്തെയും അറിയിക്കണം. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ ഇവര്‍ക്ക് അവിടെ പോകാം. അതേസമയം, ടവറിലെ 650 താമസക്കാരെ കൊറോണവൈറസ് പരിശോധനക്ക് വിധേയരാക്കി.

Share this story