വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് 11 വിമാനങ്ങള്‍; കേരളത്തിലേക്ക് ആറെണ്ണം

വന്ദേഭാരത്: രണ്ടാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് 11 വിമാനങ്ങള്‍; കേരളത്തിലേക്ക് ആറെണ്ണം

ദുബൈ: കൊറോണ നിയന്ത്രണങ്ങള്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് 11 വിമാനങ്ങളുണ്ടാകും. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലേക്കാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക. കേരളത്തിലേക്ക് ആറ് വിമാനങ്ങളുണ്ടാകും.

മെയ് 17 മുതലാണ് രണ്ടാം ഘട്ട ദൗത്യം. കേരളത്തിന് പുറമെ തെലങ്കാന, ഒഡീഷ, ഡല്‍ഹി, ആന്ധ്രാ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കുക. കേരളത്തിലേക്കുള്ള വിമാനങ്ങള്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലേക്കുമുണ്ടാകും. അതിനിടെ, ഇന്നലെ യു എ ഇയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ 20 ഗര്‍ഭിണികളും 41 രോഗികളും നിരവധി മുതിര്‍ന്ന പൗരന്മാരുമുണ്ടായിരുന്നു.

രണ്ടാം ഘട്ടത്തിലെ വിമാനങ്ങളുടെ റൂട്ട്, തിയ്യതി, സമയം തുടങ്ങിയവ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിലെ അവസാന വിമാനം 14ാം തിയ്യതിയാണ് പുറപ്പെടുക. 15, 16 തിയ്യതികളില്‍ വിമാനങ്ങളില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കിയാണ് വന്ദേഭാരത് ദൗത്യം വിദേശകാര്യ മന്ത്രാലയം നടത്തുന്നത്.

Share this story