പെരുന്നാള്‍ അവധികളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി

പെരുന്നാള്‍ അവധികളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: റമളാന്‍ 30 (മെയ് 23) മുതല്‍ ശവ്വാല്‍ നാല് (മെയ് 27) വരെ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഫലത്തില്‍ ഈദുല്‍ ഫിത്തര്‍ അവധികള്‍ പൂര്‍ണ ലോക്ക്ഡൗണിലായിരിക്കും.

സാമൂഹിക അകലം പാലിക്കല്‍, അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടാതിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണിത്. നേരത്തെ, ലോക്ക്ഡൗണിനിടെ അനുവദിക്കപ്പെട്ട വാണിജ്യ- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും രാജകീയ ഉത്തരവിലെ മറ്റ് കാര്യങ്ങള്‍ക്കും മെയ് 14 മുതല്‍ 22 വരെ അനുമതിയുണ്ടാകും. മക്കയല്ലാത്ത ഇടങ്ങളില്‍ ഈ സമയങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള ഭാഗിക കര്‍ഫ്യൂ ഇളവും ഉണ്ടാകും. പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച മക്കയിലും മറ്റ് അടച്ചുപൂട്ടിയ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ അതേപടി തുടരും. പിന്നീട് മെയ് 23 മുതല്‍ രാജ്യത്തെല്ലായിടത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

അതിനിടെ, രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ മെയ് 15 (റമളാന്‍ 22) മുതല്‍ മെയ് 31 വരെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിലെ പെരുന്നാള്‍ അവധി റമളാന്‍ 29 മുതല്‍ നാല് ദിവസമായിരിക്കും. പൂര്‍ണമായും വേതനത്തോടെയുള്ള അവധിയാണ് സ്വകാര്യ മേഖലയിലേത്.

Share this story