ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച സംഭവം: നിരാശയോടെ യു എ ഇ പ്രവാസികള്‍

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച സംഭവം: നിരാശയോടെ യു എ ഇ പ്രവാസികള്‍

അബുദബി: യു എ ഇയില്‍ നിന്ന് ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ നിരാശയില്‍. കെ എം സി സിയുടെ അബുദബി- കോഴിക്കോട് ഇത്തിഹാദ് വിമാനത്തിനും തമിഴ് സന്നദ്ധ സംഘടനയായ ക്യു എം എസ് ചാര്‍ട്ടര്‍ ചെയ്ത ഷാര്‍ജ- മധുര എയര്‍ അറേബ്യ വിമാനത്തിനുമാണ് ഡി ജി സി എ അനുമതി നിഷേധിച്ചത്.

ഇത്തിഹാദ് വിമാനം കെ എം സി സി തന്നെ നിരവധി തവണ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ ചെയ്യുകയും സര്‍വീസ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇറങ്ങാനുള്ള അനുമതി ഡി ജി സി എ നല്‍കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷമാണ് കോഴിക്കോട് വിമാനം റദ്ദാക്കിയത്. 183 യാത്രക്കാരാണ് ഇതില്‍ ബുക്ക് ചെയ്തത്.

മധുര വിമാനത്തില്‍ 168 യാത്രക്കാരാണ് ബുക്ക് ചെയ്തത്. വെള്ളിയാഴ്ച മധുരയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനത്തിനും അനുമതി ലഭിച്ചിരുന്നില്ല. കൊവിഡ് പരിശോധന അടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളുമായി മണിക്കൂറുകള്‍ക്ക് മുമ്പെ വിമാനത്താവളത്തിലെത്തിയ പ്രവാസികള്‍ക്ക് വലിയ നിരാശയാണ് ഇതുണ്ടാക്കിയത്. ഇനിയെന്ന് നാടണയാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Share this story