പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന് ആവശ്യപ്പെടുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി അംഗീകാരം നല്‍കി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരുന്ന സ്ഥിതിയാണ് ഇതുമൂലമുണ്ടാകുക. ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടാം.

രാജ്യത്തെ ആകെ ജനസംഖ്യയില്‍ നിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കാന്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കഴിഞ്ഞ മാസം ആഹ്വാനം ചെയ്തിരുന്നു. 28000 ഇന്ത്യക്കാര്‍ കുവൈത്തിലെ സര്‍ക്കാര്‍ ജോലിയിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

കരട് പ്രവാസി ക്വാട്ട ബില്‍ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ഇതേതുടര്‍ന്ന് വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ അനുവദിക്കില്ല. എട്ട് ലക്ഷം ഇന്ത്യക്കാര്‍ കുവൈത്ത് വിടണ്ടി വരും.

കുവൈത്തില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ തൊഴിലാളികളാണ്. 14.5ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. കുവൈത്തില്‍ ആകെ ജനസംഖ്യ 43 ലക്ഷമാണ്. എണ്ണ വിലയിലെ ഇടിവും കൊറോണ വൈറസ് വ്യാപനവും മൂലം വിദേശികളുടെ എണ്ണം കുറക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

Share this story