സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി ഒമാന്‍

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി ഒമാന്‍

മസ്‌കത്ത്: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ ഈടാക്കും. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പേരുകളും ചിത്രങ്ങളും പരസ്യപ്പെടുത്തും. പ്രാദേശിക മാധ്യമങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗവര്‍ണറേറ്റുകളില്‍ രോഗബാധയുടെയും മരണത്തിന്റെയും എണ്ണം വര്‍ധിക്കുന്നതില്‍ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. രോഗ്യവ്യാപനം ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. എല്ലാവര്‍ക്കും ചികിത്സ നല്‍കുന്നതടക്കമുള്ള സേവനങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കും. പ്രത്യേകിച്ച് ഐ സി യു സൗകര്യങ്ങള്‍ മതിയാകാതെ വരും. അങ്ങനെ വന്നാല്‍ വലിയ ദുരന്തമായിരിക്കും രാജ്യത്തുണ്ടാകുകയെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണം. എന്നാല്‍, രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പലരും കാറ്റില്‍ പറത്തുകയാണ്. രോഗം ബാധിച്ചവരും ലക്ഷണങ്ങളുള്ളവരും ക്വാറന്റൈനില്‍ കഴിയാതെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം രോഗം പകരുകയാണ്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ പ്രാഥമിക മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കര്‍ശനമായി അനുസരിക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

Share this story