അവസാന കൊവിഡ് രോഗിയും ഡിസ്ചാര്‍ജ് ആയി; ദുബൈയിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍ അടച്ചു

അവസാന കൊവിഡ് രോഗിയും ഡിസ്ചാര്‍ജ് ആയി; ദുബൈയിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍ അടച്ചു

ദുബൈ: ജപ്പാന്‍ പൗരനായ അവസാന കൊവിഡ്- 19 രോഗിക്കും അസുഖം ഭേദമായതോടെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രി അടച്ചു. സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ജപ്പാന്‍ പൗരനായ ഹിറോകി ഫുജിതയെ കൈകള്‍ കൊട്ടി യാത്രയാക്കി. കൊറോണവൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഏപ്രിലിലാണ് 3000 ബെഡുകളുള്ള ഫീല്‍ഡ് ആശുപത്രി ആരംഭിച്ചിരുന്നത്.

എല്ലാവരും സുരക്ഷിതരായി കഴിയണമെന്നും താന്‍ ആരോഗ്യവാനാണെന്നും അതിനാലാണ് പോകുന്നതെന്നും ഫുജിത പറഞ്ഞു. ആശുപത്രിയിലെ ഉപകരണങ്ങളും മറ്റും സ്റ്റോറുകളില്‍ സൂക്ഷിക്കുമെന്നും എന്നാല്‍ തുടര്‍ച്ചയായി അണുമുക്തമാക്കുമെന്നും രോഗത്തിന്റെ രണ്ടാം തരംഗമുണ്ടായാല്‍ ഉപയോഗിക്കാന്‍ സജ്ജമാക്കുമെന്നും ഡയറക്ടര്‍ മാനല്‍ തരിയം പറഞ്ഞു. ആവശ്യം വന്നാല്‍ മണിക്കൂറുകള്‍ക്കകം ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കാം. ഈയടുത്ത് അബുദബിയിലെ ആയിരം ബെഡുള്ള ഫീല്‍ഡ് ആശുപത്രിയും പൂട്ടിയിരുന്നു.

മെയ് മാസത്തില്‍ ഒരു ദിവസം 900 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യു എ ഇയില്‍ ഇപ്പോള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ഇതുവരെ രാജ്യത്ത് 52600 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 326 പേര്‍ മരിച്ചു. 41714 പേര്‍ക്ക് രോഗമുക്തിയുണ്ടായി. നിലവിലെ രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലാണ്. ചിലര്‍ വീട്ടില്‍ തന്നെയാണുള്ളത്.

Share this story