തിരുവനന്തപുരം സ്വര്‍ണക്കടത്ത്: യു എ ഇ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: യു എ ഇ അന്വേഷണം ആരംഭിച്ചു

അബുദബി: കേരളത്തിലെ കോണ്‍സുലേറ്റിന്റെ മേല്‍വിലാസത്തില്‍ 30 കിലോ ഗ്രാം സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ എത്തിയ സംഭവവുമായി ബന്ധപ്പെട്ട് യു എ ഇ അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ യു എ ഇ എംബസിയുടെ പ്രതിച്ഛായ തകര്‍ക്കുക കൂടിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്തവരെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിവേര് അറിയുന്നതിന് ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കും- എംബസി അറിയിച്ചു.

സ്വര്‍ണം കടത്തുന്നതിന് നയതന്ത്ര മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്തതിനെ നേരത്തേ തന്നെ കോണ്‍സുലേറ്റ് അപലപിച്ചിരുന്നു. നേരത്തേ കേരളത്തില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്ത സ്റ്റാഫാണ് ഇതിന് പിന്നിലെന്നും പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ വളരെ മുമ്പ് തന്നെ പിരിച്ചുവിട്ടതാണെന്നും കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.

ഏകദേശം 70 ലക്ഷം ദിര്‍ഹം വരുന്ന സ്വര്‍ണമാണ് കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സല്‍ എന്ന വ്യാജേന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ചയാണ് കസ്റ്റംസ് അധികൃതര്‍ ഇത് പിടികൂടിയത്. കോണ്‍സുലേറ്റില്‍ പി ആര്‍ ഒ ആയി ജോലി ചെയ്തിരുന്ന സരിത് എന്നയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിന് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുവരും നയതന്ത്ര മാര്‍ഗം ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് നടത്തുകയായിരുന്നു.

Share this story