റിയാദ് മെട്രോ ഈ വര്‍ഷം അവസാനം തുറക്കും

റിയാദ് മെട്രോ ഈ വര്‍ഷം അവസാനം തുറക്കും

റിയാദ്: റിയാദ് മെട്രോ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഭാഗികമായി തുറക്കുമെന്ന് അര്‍ബന്‍ 20 പ്രസിഡണ്ടും റിയാദ് സിറ്റി റോയല്‍ കമ്മീഷനുമായ ഫഹദ് അല്‍ റഷീദ് അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നു ട്രില്യന്‍ സൗദി റിയാലിന്റെ വമ്പന്‍ നിക്ഷേപങ്ങളാണ് തലസ്ഥാന നഗരിയിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

റിയാദിന്റെ ജനസംഖ്യ ഒന്നര കോടിയിലെത്തുമ്പോഴേക്കും സമ്പദ്ഘടനയുടെ വലുപ്പവും വര്‍ധിക്കും. റിയാദ് മെട്രോ, അല്‍ ദിരിയ്യ, റിയാദ് ആര്‍ട്, ഗ്രീന്‍ റിയാദ് അടക്കം 18 വമ്പന്‍ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതിലൂടെ ഒരു ട്രില്യന്‍ റിയാലിന്റെ നിക്ഷേപമുണ്ടാകും. പുതിയ പാര്‍പ്പിട യൂണിറ്റുകളിലൂടെ മറ്റൊരു ട്രില്യന്‍ റിയാലിന്റെയും നിക്ഷേപമുണ്ടാകും. സ്വകാര്യ മേഖലയിലെ വളര്‍ച്ചയിലൂടെ ഒരു ട്രില്യന്‍ റിയാലിന്റെ കൂടെ നിക്ഷേപം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ റിയാദിലെ ജനസംഖ്യ 70 ലക്ഷമാണ്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളില്‍ 49ാം സ്ഥാനത്താണ് റിയാദ്. അതേസമയം ഈ നഗരങ്ങളില്‍ സാമ്പത്തിക കാര്യത്തില്‍ പതിനെട്ടാമതുമാണ്. സൗദിയുടെ എണ്ണയിതര ജി ഡി പിയില്‍ 47 ശതമാനവും സംഭാവന ചെയ്യുന്നത് റിയാദ് ആയതിനാലാണിതെന്നും അല്‍ റഷീദ് അറിയിച്ചു.

Share this story