ദുബൈയില്‍ പുതിയ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

ദുബൈയില്‍ പുതിയ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈ മെട്രോയുടെ ഏഴ് പുതിയ സ്റ്റേഷനുകള്‍ ലോകത്തിനായി തുറന്നുകൊടുത്തു. റെഡ് ലൈനില്‍ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ട് 2020 ഉദ്ഘാടനം ചെയ്തു. 11 ബില്യണ്‍ ദിര്‍ഹം ആണ് ഈ പദ്ധതിയുടെ ചെലവ്. 50 ട്രെയിനുകള്‍ ഓടും. ഈ റൂട്ടിലാണ് ഏഴ് സ്‌റ്റേഷനുകള്‍ വരുന്നത്.

അതേസമയം, സെപ്തംബറിലാണ് ഈ റൂട്ടുകള്‍ പൊതുജനത്തിനായി തുറന്നുകൊടുക്കുക. ജബല്‍ അലി സ്റ്റേഷനിലാണ് ശൈഖ് മുഹമ്മദ് ആദ്യം എത്തിയത്. തുടര്‍ന്ന് മെട്രോ ട്രെയിനില്‍ എക്‌സ്‌പോ 2020 സ്‌റ്റേഷനിലേക്ക് പോയി. വിമാനത്തിന്റെ ചിറകുകളുടെ രൂപത്തില്‍ അപൂര്‍വ രൂപകല്പനയാണ് സ്റ്റേഷനുള്ളത്.

ഇരു ദിശകളിലേക്കും മണിക്കൂറില്‍ 46000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് റൂട്ട് 2020ക്കുള്ളത്. 2021ല്‍ പ്രതിദിനം 1.25 ലക്ഷം യാത്രക്കാരാകും ഈ റൂട്ട് ഉപയോഗിക്കുക. 2030ല്‍ എണ്ണം 2.75 ലക്ഷമാകും. സാധാരണ ദിവസങ്ങളില്‍ 35000 പ്രതിദിന എക്‌സ്‌പോ യാത്രക്കാരും വാരാന്ത്യങ്ങളില്‍ 47000 പേരും എക്‌സ്‌പോ 2020 സ്‌റ്റേഷന്‍ ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍. എക്‌സ്‌പോയുടെ പ്രതിദിന സന്ദര്‍ശകരുടെ 29 ശതമാനം വരുമിത്.

Share this story