ഖത്തറില്‍ ഷോപ്പുകള്‍ക്കുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സര്‍ക്കാര്‍ കമ്പനികളില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കും

ഖത്തറില്‍ ഷോപ്പുകള്‍ക്കുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സര്‍ക്കാര്‍ കമ്പനികളില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കും

ദോഹ: അടുത്ത വാരാന്ത്യം മുതല്‍ ഖത്തറില്‍ ഷോപ്പുകള്‍ തുറക്കാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഷോപ്പുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും അടച്ചിടാനുള്ള നേരത്തേ എടുത്ത തീരുമാനം മന്ത്രിസഭ പിന്‍വലിച്ചു. ഇന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലാകും.

അതേസമയം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ സ്വദേശിവത്കരണം 60 ശതമാനമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ കമ്പനികളില്‍ മാത്രമല്ല, സര്‍ക്കാറിന് പങ്കാളിത്തമുള്ള കമ്പനികളിലും വിരമിക്കല്‍, പെന്‍ഷന്‍ നിയമം ബാധകമായ മറ്റ് സ്ഥാപനങ്ങളിലും സ്വദേശിവത്കരണം 60 ശതമാനമാക്കി ഉയര്‍ത്തും. മന്ത്രിസഭാ യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി അധ്യക്ഷത വഹിച്ചു.

ഖത്തര്‍ സര്‍ക്കാറിന് 60 ശതമാനം ഓഹരികളുള്ള കമ്പനികളിലും സ്വദേശിവത്കരണം ശക്തമാക്കും. ഇത്തരം സ്ഥാപനങ്ങളില്‍ സമീപഭാവിയില്‍ തന്നെ സ്വദേശിവത്കരണം 80 ശതമാനമാക്കും. അതായത് മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. തൊഴില്‍ മന്ത്രാലയം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങളെ നിരോധിക്കും.

Share this story