അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ യു എ ഇയില്‍ ഏകീകൃത ചട്ടം വരുന്നു

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ യു എ ഇയില്‍ ഏകീകൃത ചട്ടം വരുന്നു

അബുദബി: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ വരും ആഴ്ചകളില്‍ ഏകീകൃത ചട്ടം പ്രഖ്യാപിക്കാനൊരുങ്ങി യു എ ഇ. രാജ്യത്തുടനീളം ഏകീകൃത ചട്ടം ഉണ്ടാക്കാന്‍ ഫെഡറല്‍ അധികൃതരുമായും എമിറേറ്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പിലെ ടൂറിസം- മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ഹസന്‍ അല്‍ ശൈബ പറഞ്ഞു.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, വിമാനക്കമ്പനികള്‍ അടക്കമുള്ളവരുമായി ചേര്‍ന്നാകും ചട്ടക്കൂട് നിര്‍മിക്കുക. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അന്താരാഷ്ട്ര യാത്രക്കാരെ വീണ്ടും അനുവദിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കാനാകും. അബുദബിയില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കായി മ്യൂസിയം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, പബ്ലിക് ബീച്ചുകള്‍ തുടങ്ങിയവ നിലവില്‍ തുറന്നുനല്‍കിയിട്ടുണ്ട്.

കോവിഡ് മുക്ത ഘട്ടത്തിലേക്ക് അബുദബി പ്രവേശിക്കുന്നതോടെ വരും ആഴ്ചകളില്‍ പുതിയ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കും. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ നികുതി, ടൂറിസ്റ്റ് ഫീസ് ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 20 ശതമാനം വാര്‍ഷിക വാടകയും ഒഴിവാക്കി. സാമ്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു ഇത്.

Share this story