ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യഭൂമിയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യഭൂമിയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം

മക്ക/ മദീന: ഈ വര്‍ഷത്തെ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാന്‍ പുണ്യഭൂമിയില്‍ ഒരുക്കങ്ങള്‍ ഊര്‍ജിതം. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. റോഡുകളുടെയും സ്ട്രീറ്റുകളുടെയും തമ്പുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ജംറയിലേക്കുള്ള കാല്‍നടയാത്രക്കാരുടെ പാതയുടെയും തമ്പ് നഗരത്തിന്റെ ആഗമന, നിര്‍ഗമന വഴികളുടെയും അന്തിമ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ 19 മുതല്‍ ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പുണ്യഭൂമികളിലേക്കുള്ള പ്രവേശനം. ബലി മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവേശന മാര്‍ഗങ്ങളില്‍ മൃഗപരിപാലന അധികൃതരുണ്ട്.

മദീനയില്‍ പ്രവാചക പള്ളിയുടെ പടിഞ്ഞാറന്‍ മുറ്റത്തിന്റെ പ്രധാന ഭാഗം ധനമന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ്ജിന് മുമ്പ് ഇത് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 95000 ചതുരശ്ര മീറ്റര്‍ വരുന്ന മുറ്റത്തിന്റെ 90 ശതമാനത്തിലേറെയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൈറ്റിംഗ് സംവിധാനങ്ങള്‍ പൂര്‍ത്തായായി. ഇവിടെ 80000 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് കൂടാം. ഈ വര്‍ഷത്തെ ഹജ്ജിന് പതിനായിരം പേര്‍ക്ക് മാത്രമാണ് അനുമതി. സഊദിയിലെ 3000 പൗരന്മാര്‍ക്കും 7000 വിദേശികള്‍ക്കുമാണ് അനുമതി. ഇതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് 25 ലക്ഷം തീര്‍ഥാടകരുണ്ടായിരുന്നു.

Share this story