സ്വപ്‌ന സുരേഷുമായി രൂപസാദൃശ്യമുണ്ടെന്ന പ്രചാരണവുമായി സൈബര്‍ ആക്രമണം; ബഹറൈനി പ്രവാസി നിയമനടപടിക്ക്

സ്വപ്‌ന സുരേഷുമായി രൂപസാദൃശ്യമുണ്ടെന്ന പ്രചാരണവുമായി സൈബര്‍ ആക്രമണം; ബഹറൈനി പ്രവാസി നിയമനടപടിക്ക്

മനാമ: തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായി സാദൃശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തുന്നതിനെതിരെ ബഹറൈനിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക ഷീജ നടരാജ് നിയമ നടപടിക്ക്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പമുള്ള തന്റെ ചിത്രം സ്വപ്‌നയുടെതാക്കിയാണ് വന്‍ പ്രചാരണം നടന്നത്.

ബഹറൈനിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഫേസ്ബുക്കിലാണ് ആദ്യം ഇത്തരമൊരു പ്രചാരണം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കേരളത്തിലുള്ളവരും ഇത് സ്വപനയുടെതാക്കി പ്രചാരണം ആരംഭിച്ചു. ബഹറൈനിലും കേരളത്തിലും കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷീജ.

കോണ്‍ഗ്രസിന്റെ വിദേശരാജ്യങ്ങളിലെ പോഷക സംഘടനയായ ഒ ഐ സി സിയുടെ ബഹറൈനിലെ വനിതാ വിഭാഗം അധ്യക്ഷയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഷീജ. ഒ ഐ സി സി നേതാക്കളോടൊപ്പം 2016ല്‍ ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രമാണ് സ്വപ്‌നയുടെതാക്കി പ്രചരിപ്പിക്കുന്നത്. സമസ്ത ബഹറൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ശിഹാബ് തങ്ങള്‍ എത്തിയപ്പോഴാണ് താന്‍ കൂടെ നിന്ന് ചിത്രമെടുത്തതെന്നും ഷീജ പറഞ്ഞു.

Share this story