ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ പ്രവാസി ജീവനക്കാര്‍ ജവാസാത് സന്ദര്‍ശിക്കേണ്ടതില്ല

ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ പ്രവാസി ജീവനക്കാര്‍ ജവാസാത് സന്ദര്‍ശിക്കേണ്ടതില്ല

മസ്‌കത്ത്: റസിഡന്റ് കാര്‍ഡുകള്‍ പുതുക്കുന്നതിന് പ്രവാസി ജീവനക്കാരും കുടുംബങ്ങളും പാസ്‌പോര്‍ട്ട്- സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറല്‍ സന്ദര്‍ശിക്കേണ്ടതില്ല. വിരലടയാളങ്ങള്‍ ശേഖരിച്ചതിനാല്‍ പ്രവാസികളുടെ റസിഡന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനികളുടെ പി ആര്‍ ഒക്ക് തന്നെ ചെയ്യാവുന്നതാണെന്ന് റോയല്‍ ഒമാന്‍ പോലീസ് ഡയറക്ടറേറ്റ് ഓഫ് ഡെവലപ്‌മെന്റ് മേജര്‍ മുധാര്‍ അല്‍ മസ്‌റൂയി അറിയിച്ചു.

കാലാവധി കഴിഞ്ഞതിനുള്ള പിഴ ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്. അതുവരെ രേഖ കൈവശമില്ലാത്തതിന് പിഴയുണ്ടാകില്ല. അതിനിടെ, മസ്‌കത്തില്‍ അല്‍ ഖൂദ്, അല്‍ അമീറാത്, മബേല, ഖുറിയാത് പോലീസ് സ്‌റ്റേഷനുകളില്‍ സര്‍വീസ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. അല്‍ ദാഖിലിയ്യയില്‍ അസൈബയിലും ദോഫാറില്‍ മര്‍മൂലിലും സെന്ററുകള്‍ ആരംഭിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, ഐ ഡി/ റസിഡന്‍സ് കാര്‍ഡ് പുതുക്കല്‍ പോലുള്ള ആര്‍ ഒ പി നല്‍കുന്ന സേവനങ്ങളെല്ലാം ഈ കേന്ദ്രങ്ങള്‍ നല്‍കും. അതിനാല്‍ ഇത്തരം സേവനങ്ങള്‍ക്ക് ട്രാഫിക്, പാസ്‌പോര്‍ട്ട്, സിവില്‍ അഫയേഴ്‌സ് ഡയറക്ടറേറ്റിലേക്ക് പോകേണ്ടതില്ല. മസ്‌കത്തില്‍ മാത്രമല്ല രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ഇങ്ങനെയാണുണ്ടാകുക.

Share this story