യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിൽനിന്ന് കുതിച്ചുയരും; വിക്ഷേപണം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.21ന്

യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിൽനിന്ന് കുതിച്ചുയരും; വിക്ഷേപണം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.21ന്

ദുബായ്: യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ യുഎഇ സമയം ഇന്ന് രാത്രി 12.51ന് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.21ന്) ആണ് വിക്ഷേപണം. വിക്ഷേപണത്തോടെ മറ്റ് ഗ്രഹങ്ങളെ പര്യവേഷണം ചെയ്യുന്ന ആദ്യത്തെ അറബ് രാജ്യമായി യുഎഇ മാറും. ഹോപ് പ്രോബ് എന്നാണ് പേടകത്തിന്റെ പേര്.

വിക്ഷേപണത്തിന് പിന്നാലെ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ്​സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്.

റോക്കറ്റിൽ നിന്ന് ഉപഗ്രഹം വേർപെട്ടാലുടൻ സിഗ്നലുകൾ ലഭിച്ചുതുടങ്ങുമെന്ന് ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ മേധാവിയും എമിറേറ്റ്സ് മാർസ് മിഷൻ (ഇഎംഎം) ഡപ്യൂട്ടി പ്രൊജക്ട് മാനേജരുമായ സകരിയ അൽ ഷംസി പറഞ്ഞു.

പേടകത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാനും ഘടകങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാണോ എന്നും മനസ്സിലാക്കാനും സാധിക്കും. നക്ഷത്രങ്ങളെക്കുറിച്ച് അറിയാനുള്ള സ്റ്റാർ ട്രാക്കറുകൾ, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങൾ, പൊടിപടലങ്ങൾ, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകൾ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷൻ ഇമേജർ (ഇഎക്സ്ഐ), 20 ജിഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.

Read Also സംസ്ഥാനത്ത് കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി ശക്തമാകുന്നു: മുഖ്യമന്ത്രി https://metrojournalonline.com/covid-19/2020/07/13/kovid-threatens-state-cm.html

ഏഴുമാസത്തിന് ശേഷം,  2021ൽ യുഎഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഈ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2014ലാണ് യുഎഇ എമിറേറ്റ്സ് മാർസ് മിഷൻ പ്രഖ്യാപിച്ചത്.

യുഎസിലെ കൊളറാഡോ യൂണിവേഴ്സിറ്റി, കാലിഫോർണിയ-ബെർക്ക്‌ലി യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേർന്ന് പ്രവർത്തിച്ച എമിറാത്തി ശാസ്ത്രജ്ഞർ യുഎഇയിൽ സുസ്ഥിരവും ചലനാത്മകവുമായ ബഹിരാകാശ പര്യവേക്ഷണ വ്യവസായത്തിന് അടിത്തറ പാകിക്കൊണ്ട് അറബ് ലോകത്തെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ബഹിരാകാശ പേടകം പൂർത്തിയാക്കുകയായിരുന്നു.

Share this story