ഹജ്ജ് പെര്‍മിറ്റില്ലാതെ പുണ്യ ഭൂമികളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ

ഹജ്ജ് പെര്‍മിറ്റില്ലാതെ പുണ്യ ഭൂമികളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ

ജിദ്ദ: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണിത്.

ഹജ്ജ് യാത്രയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഓരോ തീര്‍ത്ഥാടകനും നല്‍കും. മുസ്വല്ല, സാനിറ്റൈസര്‍, മാസ്‌ക്, അവശ്യ പ്രതിരോധ ഉപകരണങ്ങള്‍ അടങ്ങിയ ബാഗും ഓരോ തീര്‍ത്ഥാടകനും നല്‍കും. തീര്‍ത്ഥാടനത്തിന്റെ ഓരോ കേന്ദ്രങ്ങളിലും സംസം പാക്കറ്റുകളും വിതരണം ചെയ്യും.

മതാഫില്‍ തീര്‍ത്ഥാടകര്‍ക്കായി അണുവിമുക്തമാക്കിയ പ്രത്യേകം ട്രാക്കുകളുണ്ടാകും. സഫ- മര്‍വക്കിടയിലെ സഅ്‌യിനും ഇങ്ങനെ ട്രാക്കുണ്ടാകും. ഓരോരുത്തര്‍ക്കുമിടയില്‍ രണ്ട് മീറ്റര്‍ അകലമുള്ള ട്രാക്കുകളാണുണ്ടാകുക. സൗദിയിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. ഇവരില്‍ 7000 പേര്‍ക്കാണ് അവസരമുണ്ടാകുക. സ്വദേശികളായ 3000 പേര്‍ക്കും ഹജ്ജ് ചെയ്യാം.

Share this story