കിംഗ് ഫഹദ് കോസ് വേ പെരുന്നാളിന് ശേഷം തുറക്കും

കിംഗ് ഫഹദ് കോസ് വേ പെരുന്നാളിന് ശേഷം തുറക്കും

ദമ്മാം: സൗദി അറേബ്യയെ ബഹറൈനുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ് വേ ബലി പെരുന്നാളിന് ശേഷം തുറക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്.

സൗദിയിലെ അല്‍ ഖോബാറിനെ ബഹറൈനിലെ അല്‍ ജസ്‌റയുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടല്‍പ്പാത. സൗദി അറേബ്യയുടെ ഭാഗത്തെ പാലത്തില്‍ പുതിയ ഗേറ്റുകള്‍ കിംഗ് ഫഹദ് കോസ് വേ അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്. ബഹറൈനിലേക്ക് പോകുന്ന യാത്രക്കാരുമായി സമ്പര്‍ക്കം ചെലുത്താതെ ആശയവിനിമയം നടത്താനുള്ള ഓട്ടോമാറ്റിക് പെയ്‌മെന്റ് പോര്‍ട്ടലുകള്‍ അടങ്ങുന്ന ഗേറ്റുകളാണ് സ്ഥാപിച്ചത്.

ഇ- പെയ്‌മെന്റ് ലൈനുകള്‍ സ്ഥാപിച്ചതായി ബഹറൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയും അറിയിച്ചു. പാലം തുറക്കുന്ന കൃത്യമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഗസ്റ്റ് ഒന്ന് മുതല്‍ ഘട്ടംഘട്ടമായി തുറക്കുമെന്നാണ് സൂചന.

Share this story