കൊവിഡ് പ്രതിസന്ധി കാരണം കുവൈറ്റ് എണ്ണ മേഖലയിലെ കമ്പനികൾ നിരവധി പ്രോജെക്റ്റുകൾ റദ്ദാക്കി

കൊവിഡ് പ്രതിസന്ധി കാരണം കുവൈറ്റ് എണ്ണ മേഖലയിലെ കമ്പനികൾ നിരവധി പ്രോജെക്റ്റുകൾ റദ്ദാക്കി

കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ചെലവുകൾ കുറയ്ക്കാനുമുള്ള നടപടികളുടെ ഭാഗമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളും നടപ്പ് സാമ്പത്തിക വർഷത്തിലെ അപ്രധാനമായ ടെണ്ടറുകളും കരാറുകളും റദ്ദാക്കുന്നതായി സി ഇ ഒ ഹാഷിം അൽ ഹാഷിം അറിയിച്ചു.

കൂടാതെ സ്വകാര്യ മേഖലയിൽ പെർമനന്റ് കോൺട്രാക്റ്റിലും സബ് കോൺട്രാക്റ്റിലുമായി ജോലി ചെയ്യുന്ന പ്രവാസികളുടെ സേവനം അവസാനിപ്പിക്കാനും തീരുമാനമുണ്ട് എണ്ണ വരുമാനത്തിൽ ഉണ്ടായ ഇടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാനായുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നീക്കം.

അതേ സമയം നിലവിലെ സാഹചര്യത്തിൽ തന്ത്രപ്രധാനമല്ലാത്ത പദ്ധതിയായി കണക്കാക്കി അഹ്മദി സിറ്റി കെട്ടിട പദ്ധതി കെ‌ഒ‌സി റദ്ദാക്കിയതായി ഉന്നത വൃത്തങ്ങൾ വിശദീകരിച്ചു. ഉയർന്ന ചിലവ് കണക്കിലെടുത്ത് എണ്ണ കിണറുകളിലേക്കുള്ള കണക്ഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറും റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചില പ്രോജക്ടുകളും റദ്ദാക്കപ്പെട്ടുവെങ്കിലും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സി ഇ ഓ അറിയിച്ചു

കൂടാതെ 551 ദശലക്ഷം ഡോളർ വിലമതിക്കുന്ന ദബ്ബാബ സൗരോർജ്ജ പദ്ധതിയും അടുത്തിടെ റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി മറ്റ് നിരവധി കരാറുകൾ നിർത്തലാക്കിയതിന് പുറമെ എണ്ണ മേഖലയിലെ വിവിധ കമ്പനി മേധാവികളുടെ വാർഷിക യോഗം, യാത്രാ ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിനുള്ള സേവനം, പോളിപ്രൊഫൈലിൻ പ്ലാന്റിനുള്ള മൊബൈൽ ഉപകരണങ്ങൾ വാടകയ്‌ക്കെടുക്കൽ, ഇലക്ട്രിക്കൽ മെയിന്റനൻസ് എന്നിവക്കുള്ള കരാറുകളും റദ്ദാക്കിയിട്ടുണ്ട്.

Share this story