പുരാതന അല്‍മഫ്ജാര്‍ ഗ്രാമത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഖത്തര്‍

പുരാതന അല്‍മഫ്ജാര്‍ ഗ്രാമത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഖത്തര്‍

ദോഹ: ഖത്തറിലെ പഴയ ഇസ്‌ലാമിക് വാസസ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഖത്തര്‍ മ്യൂസിയംസ് പദ്ധതി. അല്‍ മഫ്ജര്‍ ഗ്രാമപദ്ധതിയുടെ ഭാഗമായാണ് പുരാതന ഗ്രാമത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഇസ്‌ലാമിക് സെറ്റില്‍മെന്റാണ് ഖത്തറിന്റെ വടക്കന്‍ പ്രദേശത്തെ അല്‍മഫ്ജര്‍ ഗ്രാമം. സാംസ്‌കാരിക- പൈതൃക കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ഓപ്പണ്‍ എയര്‍ മ്യൂസിയം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാരകേന്ദ്രമാക്കി ഈ പ്രദേശത്തെ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ മ്യൂസിയംസ് വ്യക്തമാക്കി. പൈതൃക ഗ്രാമത്തിന്റെ പുരാതന സ്വഭാവം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.

ഖത്തരി ഗ്രാമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുനരുദ്ധാരണ പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പുരാതന ഗ്രാമം പുനസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമായി പ്രമുഖ എന്‍ജിനിയറിങ് കോണ്‍ട്രാക്ടിംഗ് കമ്പനിയായ സീഷോര്‍ ഗ്രൂപ്പുമായി ഖത്തര്‍ മ്യൂസിയംസ് അടുത്തിടെ കരാര്‍ ഒപ്പുവെച്ചിരുന്നു. ഖത്തര്‍ മ്യൂസിയംസിന്റെ ബില്‍ഡിങ്‌സ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് മാനേജുമെന്റ്, സാംസ്‌കാരിക പൈതൃക സംരക്ഷണ വകുപ്പുകളുമായി സീഷോര്‍ ഗ്രൂപ്പ് സഹകരിച്ചു പ്രവര്‍ത്തിക്കും. ഖത്തറിന്റെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ മ്യൂസിയംസ് വിവിധ തലങ്ങളില്‍ നടത്തിവരുന്നുണ്ട്.

പുരാതന പട്ടണങ്ങള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വാസസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പൈതൃക സ്ഥലങ്ങള്‍ ഖത്തറിലുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പൈതൃക സൈറ്റുകളിലൊന്നാണ് അല്‍ സുബാറ പുരാവസ്തു കേന്ദ്രം. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിലുമുള്ള ഗള്‍ഫ് വ്യാപാര നഗരത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നാണിത്. 2013ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ അല്‍സുബാറയെ ഉള്‍പ്പെടുത്തിയിരുന്നു.

ഖത്തറിലെ ഏറ്റവും വലിയ പൈതൃക സൈറ്റാണ് അല്‍സുബാറ. അതിമനോഹരമായ നഗര മതില്‍, പുരാതന പാര്‍പ്പിടങ്ങള്‍, കൊട്ടാരങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റുകള്‍, വ്യാവസായിക മേഖലകള്‍, പള്ളികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് അല്‍സുബാറ.

ഫറൈഹ, റുവൈദ, ബര്‍സാന്‍, അല്‍ഖോര്‍ ടവേഴ്‌സ്, അല്‍റകായത് ഫോര്‍ട്ട്, റാസ് ബറൂഖ്, അല്‍ജസാസിയ എന്നിവയെല്ലാം പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

Share this story