കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; രണ്ടാഴ്ച അടച്ചിടും

കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; രണ്ടാഴ്ച അടച്ചിടും

മസ്‌ക്കറ്റ്: ഒമാനില്‍ കൊറോണ രോഗ വ്യാപനത്തിന് കുറവില്ല. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. രണ്ടാഴ്ച രാജ്യം അടച്ചിടാനാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആഭ്യന്തര മന്ത്രി ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

കൊറോണ വൈറസ് വ്യാപനം തടുന്നതിന് വേണ്ട വിവിധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ലോക്ക് ഡൗണ്‍ കാലത്ത് ആര്‍ക്കും യാത്ര അനുവദിക്കില്ല. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ എല്ലാ കടകളും അടച്ചിടും. പകല്‍ സമയങ്ങളില്‍ ശക്തമായ പരിശോധന നടക്കും. പെരുന്നാളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും വിപണികള്‍ പ്രവര്‍ത്തിക്കുന്നതും നിരോധിച്ചു.

മുഖാവരണം ധരിക്കാത്തവര്‍ക്ക് പിഴ വന്‍തോതില്‍ ഉയര്‍ത്തി ഭരണകൂടം കഴിഞ്ഞദിവസം കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. നേരത്തെ മുഖാവരണം ധരിച്ചില്ലെങ്കില്‍ 20 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് 100 റിയാലാക്കി ഉയര്‍ത്തിരിക്കുകയാണിപ്പോള്‍. കൂടാതെ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള എല്ലാ പിഴകളും ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടെ രണ്ട് മാസത്തോളം ലോക്ക് ഡൗണിലായിരുന്നു. സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. ലോക്ക് ഡൗണ്‍ ഇടയ്ക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് രോഗ വ്യാപനം വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം 1500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് ആകെ മരിച്ചത് 337 പേരാണ്. തുടര്‍ന്നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കാന്‍ കാരണം.

Share this story